‘അതിദയനീയം ഇന്ത്യ’; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

moen ali england

സായിപ്പിന്റെ നാട്ടില്‍ എത്തിയപ്പോള്‍ ലോക ക്രിക്കറ്റിലെ അതികായര്‍ കവാത്ത് മറന്നു. ആതിഥേയരായ ഇംഗ്ലണ്ടിന് മുന്നില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു കോഹ്‌ലിയും സംഘവും. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരമായ സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 60 റണ്‍സിന്റെ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര 3-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു. പരമ്പരയില്‍ ശേഷിക്കുന്ന ഒരു മത്സരം ഇന്ത്യയ്ക്ക് ആശ്വാസ ജയത്തിനുള്ള അവസരം മാത്രം. നേരത്തെ ഏകദിന പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ട്വന്റി 20 പരമ്പര മാത്രമാണ് ഇന്ത്യ നേടിയത്.

സതാംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്‌സ് 184 ല്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 27 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ട് മത്സരം പിടിച്ചെടുത്തത്. 245 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 123/3 എന്ന നിലയില്‍ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞു. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി(58), അജിങ്ക്യ രഹാനെ (51) എന്നിവരുടെ പ്രകടനം ഒരുസമയത്ത് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന് തോന്നിയെങ്കിലും വിരാടിനെ പുറത്താക്കി മോയിന്‍ അലി കളി ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി. കോഹ്‌ലിക്ക് പിന്നാലെ രഹാനെയുടെ വിക്കറ്റും അലി സ്വന്തമാക്കി. 18 റണ്‍സുമായി റിഷബ് പന്തും 25 റണ്‍സുമായി ആര്‍. അശ്വിനും ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലി രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകളും സ്വന്തമാക്കി.

പരമ്പരയിലെ അവസാന ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 27 റണ്‍സ് ലീഡുമായി 273 റണ്‍സ് ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 273 റണ്‍സാണ് സ്വന്തമാക്കിയത്. ജോസ് ബട്‌ലര്‍ (69), ജോ റൂട്ട് (48), സാം കറാന്‍ (46) എന്നിവരുടെ ഇന്നിംഗ്‌സ് കരുത്തിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 271 റണ്‍സ് നേടിയത്.

Top