Advertisement

മ്യാന്‍മറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

September 3, 2018
Google News 0 minutes Read
jornalists

ഒഫിഷ്യല്‍ സീക്രട്ട് ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് മ്യാന്മര്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരായ വാ ലോണിനെയും ക്യൗ സോയിയയെും യാങ്കോണ്‍ ജില്ല കോടതിയാണ് ശിക്ഷിച്ചത്. നോര്‍ത്ത് റാഖൈനിലെ ഇന്‍ ഡിന്‍ ഗ്രാമത്തില്‍ പത്തോളം റോഹിങ്യകളെ സൈന്യം കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ വിവരം തെളിവുകള്‍ സഹിതം പുറംലോകത്ത് എത്തിച്ച മാധ്യമവര്‍ത്തകരാണ് ഇരുവരും. സംഭവത്തില്‍ സൈന്യത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനിടെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന രേഖകള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബര്‍ 12ന് മ്യാന്മര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അത്താഴ വിരുന്നിനെന്ന് പറഞ്ഞ് ഹോട്ടലില്‍ എത്തിച്ചാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസ് തങ്ങളെ കുടുക്കാനായി ഹോട്ടലില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് ചില രേഖകള്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ വാദത്തെ സാധുകരിക്കുന്ന രീതിയില്‍ മൊഴികള്‍ സാക്ഷികള്‍ നല്‍കിയെങ്കിലും ഒഫിഷ്യല്‍ സീക്രട്ട് ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു.

ഭയക്കുന്നില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും വിധി കേട്ട ശേഷം വാ ലോണിന്‍ പ്രതികരിച്ചു. മ്യാന്‍മറില്‍ ഭരണകൂടം മാധ്യമ സ്വതന്ത്ര്യത്തെ ശത്രുക്കളായി കാണുന്നതിന്റെ തെളിയിക്കുകയാണ് നിരപരാധികളായ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റും തടവ് ശിക്ഷയും. അതേ സമയം മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന വിധിയെ അപലപിച്ച് അന്താരാഷ്ട്രസമൂഹം രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് മ്യാന്‍മറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മ്യാന്മറിലെ ഐക്യരാഷ്ട്ര സഭ റെസിഡന്റ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ നുട്ട് ഓസ്റ്റ്ബി അറിയിച്ചു. വിധി ദൗര്‍ഭാഗ്യകരമായി പോയെന്ന് മ്യാന്മറിലെ ബ്രിട്ടിഷ് അംബാസിഡര്‍ ഡാന്‍ ചുഗ് പ്രതികരിച്ചു. മ്യാന്മറിലെ മാധ്യമ സ്വതന്ത്ര്യത്തിനായി പോരാടുന്ന എല്ലാവര്‍ക്കും അസ്വസ്തത ഉണ്ടാക്കുന്നതാണ് വിധിയെന്ന് അമേരിക്കന്‍ അംബാസിഡര്‍ സ്‌കോട്ട് മാര്‍സിയലും പറഞ്ഞു.

മ്യാന്മറില്‍ റഖൈനില്‍ റോഹിങ്യകളെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ സൈനിക മേധാവി അടക്കം ഇരുപത് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി വന്നത്. യു എന്‍ വസ്തുത അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മ്യാന്മര്‍ സര്‍ക്കാരിനെതിരെയും ഓങ് സാങ് സ്യുചിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here