വിദേശ തൊഴിലാളികളെ ജോലിക്ക് വെച്ചാല്‍ ചെലവ് കൂടും; സൗദികളെ തന്നെ ജോലിക്ക് വെക്കാനൊരുങ്ങി സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍

ജിദ്ദ: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് പകരം ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വദേശികളെ റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളെ ജോലിക്ക് വെക്കാനുള്ള ചെലവ് വര്‍ധിച്ചതാണ് കാരണം. റിക്രൂട്ട്മെന്റിനും ലെവിയടക്കാനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുടെ ആനുകൂല്യങ്ങള്‍ നല്‍കാനുമുള്ള ചെലവ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശികള്‍ക്ക് പകരം സൌദികളെ ജോലിക്ക് വെക്കുന്നതാണ് സ്ഥാപനങ്ങള്‍ക്ക് ലാഭകരമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കോമ്മേഴ്സിലെ ഫുഡ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ജോഹാനി പറഞ്ഞു.
ചെലവ് വര്‍ധിച്ചതിനാല്‍ പല സ്ഥാപനങ്ങളും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നിര്‍ത്തി വെച്ചു. പല വിദേശികളെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രാജ്യത്ത് റീട്ടെയില്‍ സ്ഥാപനങ്ങളില്‍ തൊണ്ണൂറു ശതമാനവും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ്. മുവ്വായിരം മുതല്‍ അയ്യായിരം റിയാല്‍ വരെയാണ് ഈ മേഖലയില്‍ സൌദികളുടെ ശമ്പളം.
കമ്പനികളില്‍ ജോലി ചെയ്യുന്നവരില്‍ പതിനഞ്ചു മുതല്‍ ഇരുപത് ശതമാനം വരെ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ്. പതിനായിരം മുതല്‍ പതിനയ്യായിരം റിയാല്‍ റിയാല്‍ വരെ ഇവര്‍ ശമ്പളം വാങ്ങുന്നു. ഈ തസ്തകയില്‍ പൂര്‍ണമായും സൌദികളെ നിയമിക്കണം. വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ യോഗ്യരായ ഒരു ലക്ഷത്തോളം സൗദി യുവാക്കള്‍ രാജ്യത്തുണ്ട്. വിദേശികളെ പിരിച്ചു വിട്ടു ഉന്നത തസ്തികകളില്‍ ഈ യുവാക്കളെ നിയമിക്കണമെന്നും ജോഹാനി ആവശ്യപ്പെട്ടു.
സൌദികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ദന്‍ ഡോ.ഖാലിദ് അല്‍ മൈമാനി അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here