മുടി സ്‌ട്രെയ്‌റ്റെൻ ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചിൽ; യുവതി ആത്മഹത്യ ചെയ്തു

സ്‌ട്രൈറ്റനിംഗിന് ചെയ്ത ശേഷം മുടി അമിതമായി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൈസുരുവിൽ വിദ്യാർഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് മരിച്ചത്.
നദിയിൽ ചാടിയ ഇവരുടെ മൃതദേഹം കാവേരി ലക്ഷ്മണ തീർഥയിൽനിന്ന് കണ്ടെടുത്തു. സൗന്ദര്യകാര്യത്തിൽ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹ കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽവച്ച് മുടി സ്‌ട്രൈറ്റൻ ചെയ്തതിനെ തുടർന്ന് അമിതമായി മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. അലർജിയെത്തുടർന്ന് ദേഹത്ത് പാടുകളും വന്നു. ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാർ നിർബന്ധിച്ചതിനെത്തുടർന്ന് മഡിക്കെരിയിൽ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് പെൺകുട്ടി കോളേജിലേക്ക് പോയി. ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.
പരാതിയിൽ പാർലർ ഉടമക്കെതിരെ പോലീസ് കേസെടുത്തു. സ്‌ട്രൈറ്റനിങ്ങിന് രാസപദാർത്ഥങ്ങൾ ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാൻ ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here