സൗദിയില്‍ മൊബൈല്‍ഫോണ്‍ മേഖലയിലെ സ്വദേശീവല്‍ക്കരണം പരിശോധിക്കാന്‍ അര ലക്ഷം റെയ്ഡുകള്‍ നടത്തി

സൗദിയില്‍ മൊബൈല്‍ ഫോണ്‍ വിപണന രംഗത്ത് നൂറു ശതമാനവും സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇതുവരെ 48,701 റെയ്ഡുകള്‍ നടത്തിയതായി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നു വരെയുള്ള കണക്കാണിത്. റെയ്ഡില്‍ 2088 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 1640 ഉം സ്വദേശീവല്‍ക്കരണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ്. റെയ്ഡ് ഇനിയും തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 19911 എന്ന നമ്പറിലോ ഓണ്‍ലൈന്‍ വഴിയോ മന്ത്രാലയത്തെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അബല്‍ ഖൈല്‍ ആവശ്യപ്പെട്ടു.
വിദേശികളായിരുന്നു ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതും സ്ഥാപനങ്ങള്‍ നടത്തുന്നതും. നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം നിരവധി മൊബൈല്‍ കടകള്‍ അടച്ചു പൂട്ടി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.
2016 ജൂണിലാണ് സൗദിയിലെ മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കിയത്. മൂന്ന് മാസം കൊണ്ട് അമ്പത് ശതമാനവും ആറു മാസം കൊണ്ട് നൂറു ശതമാനവും സൗദിവല്‍ക്കരണം നടപ്പിലാക്കാനായിരുന്നു നിര്‍ദേശം. 2016 സെപ്റ്റംബര്‍ രണ്ടിന് നൂറു ശതമാനം സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ഫോണിന്‍റെയും ആക്സസറികളുടെയും വില്‍പ്പനയും മെയ്ന്റനന്സുമുള്ള ചെറുതും വലുതുമായ റീട്ടെയില്‍ ഹോള്‍സെയില്‍ സ്ഥാപനങ്ങളെല്ലാം പദ്ധതിക്ക് കീഴില്‍ വരും. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രാപ്തരാക്കുന്നതിന് ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയിനിംഗ് കോപ്പരേഷന്‍ വഴി തൊഴില്‍ പരിശീലനം നല്‍കിയിരുന്നു. ഈ മേഖലയില്‍ നിക്ഷേപമിറക്കുന്ന സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.
2017 സെപ്റ്റംബറില്‍ മൊബൈല്‍ മേഖലയിലെ സ്വദേശീവല്‍ക്കരണ നിയമത്തില്‍ നേരിയ ഇളവ് അനുവദിച്ചു. സ്വദേശീവല്‍ക്കരണം തൊണ്ണൂറ്റിനാല് ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍ ഈ നിയമം ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടില്ല. നിയമപ്രകാരം പതിനേഴില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഒരു വിദേശിയെയെങ്കിലും ജോലിക്ക് വെക്കാന്‍ സാധിക്കുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here