ഹൈദരാബാദിലെ നിസാം മ്യൂസിയത്തിലെ പുരാവസ്തുക്കൾ കാണാതായി

ഹൈദരാബാദിലെ നിസാം മ്യൂസിയത്തിൽ നിന്ന് വിലപിടിപ്പുള്ള പുരാവസ്തുക്കൾ കാണാതായി. രണ്ട് കിലോഗ്രാം ഭാരമുള്ള സ്വർണ്ണത്തിൽ തീർത്ത ചോറ്റുപാത്രം, കപ്പ്, സോസർ, സ്പൂൺ എന്നിവയാണ് കാണാതായത്. നിസാമിൻറെ കാലത്തോളം പഴക്കമുള്ളതാണ് കാണാതായ വസ്തുക്കൾ.
ഇന്നലെ സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പുരാനി ഹവേലിയിലെ മ്യൂസിയത്തിൽനിന്ന് വസ്തുക്കൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് മ്യൂസിയത്തിൽ കവർച്ച നടന്നത്. കൊള്ളക്കാർ മ്യൂസിയം തകർത്ത് ഒന്നാം നിലയിലെ ഇരുമ്പ് ഗ്രില്ലിലൂടെ അകത്ത് കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
ഒന്നാം നിലയിലെ വെൻറിലേറ്റർ തകർത്തിട്ടുണ്ട്. കയർ ഉപയോഗിച്ചാകാം അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്വർണ്ണം കൊണ്ട് നിർമ്മിച്ച ചോറ്റുപാത്രവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കവർച്ചാ സംഘം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവം സുരക്ഷാ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഇവർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here