“അങ്ങനെയൊരു മണ്ടത്തരം മോഹന്‍ലാല്‍ കാണിക്കുമോ?”; പരിഹാസ സ്വരത്തില്‍ ചെന്നിത്തല

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ചൂടേറ്യ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയിലായിരുന്നു ബിജെപിയെ പരോക്ഷമായി പരിഹസിച്ച് ചെന്നിത്തല പ്രതികരിച്ചത്.
“ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യ” എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ബിജെപിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിച്ചോളൂ എന്നും ചെന്നിത്തല പറഞ്ഞു.
ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നത് താല്‍ പോലും അറിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാലും നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാൽ- പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോഹൻലാൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെ കുറിച്ച് സംസാരിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ഇപ്പോൾ മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്. മുൻപു മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അപ്പോഴും ഇങ്ങനെ പലതും പുറത്ത് വന്നു. ഇപ്പോൾ ഞാൻ ജോലി ചെയ്യുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.