മീശ നോവൽ നിരോധിക്കണമെന്ന ഹർജി തള്ളി

എസ് ഹരീഷ് എഴുതിയ മലയാളം നേവൽ മീശ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. പുസ്തകത്തിന്റ് ഒരു ഭാഗം മാത്രമല്ല വായിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയെയും സൃഷ്ടി വൈഭവത്തെയും ബഹുമാനിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹി മലയാളി രാധാകൃഷ്ണനാണ് നോവലിനെതിരെ ഹർജി നൽകിയിരിക്കുന്നത്.
മീശ പൂർണമായും നിരോധിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നോവലിലെ വിവിധഭാഗങ്ങൾ നീക്കിയാൽ മതിയെന്നുമാണ് സുപ്രീം കോടതിയിൽ എഴുതി നൽകിയ സബ്മിഷനിൽ ഹർജിക്കാരനായ രാധാകൃഷ്ണൻ വരേണിക്കൽ വ്യക്തമാക്കിയത്.
വിവാദഭാഗങ്ങൾ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ് എന്നാണ് നോവലിസ്റ്റും പ്രസാധകരും ആരോപിക്കുന്നത്. എന്നാൽ സന്ദർഭത്തിൽ നിന്ന് വ്യതിചലചിച്ചുകൊണ്ടുള്ള സംഭാഷണമാണിത്. നോവലിസ്റ്റിന്റെ ലൈംഗികവൈകൃത സ്വഭാവമാണ് വിവാദ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതെന്നും സബ്മിഷനിൽ ആരോപിക്കുന്നു.
കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നോവലിന്റെ എഴുത്തുകാരൻ എസ് ഹരീഷ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here