മഹാരാഷ്ട്ര പോലീസിന് സുപ്രീം കോടതിയുടെ താക്കീത്; അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നീട്ടി

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി ഈ മാസം 12 വരെ നീട്ടി. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

കേസ് അന്വേഷിക്കുന്ന പൂനെ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സുപ്രീം കോടതിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചത്. പോലീസ് കോടതിയെ നിയമം പഠിപ്പിക്കേണ്ട എന്ന് കോടതി വിമര്‍ശിച്ചു. അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ അറസ്റ്റിലായവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന തരത്തില്‍ കേസ് അന്വേഷിക്കുന്ന പൂനെ കമ്മീഷ്ണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ബഞ്ചിലെ മറ്റ് ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളുടെ പോലീസിനെ കോടതിയുടെ മുന്നിലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവരാക്കി മാറ്റണമെന്ന് നിര്‍ദേശിച്ചു. ഈ വിഷയം കോടതിക്ക് മുന്നിലുള്ളതാണ്. സുപ്രീം കോടതി ചെയ്യുന്നത് തെറ്റാണെന്ന് പോലീസുകാര്‍ വിളിച്ചു പറയുന്നത് കോടതിക്ക് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് ണ്ടേി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി പറഞ്ഞു.

Top