‘ആര്‍ഭാടമില്ല, ആഘോഷമില്ല’; ‘കലോത്സവം കുട്ടികളുടെ സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ മാത്രം’: വിദ്യാഭ്യാസമന്ത്രി

ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി സംസ്ഥാന സ്‌കൂള്‍ കലാ-കായിക-ശാസ്ത്ര മേളകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് മേളകള്‍ ഏറ്റവും ലളിതമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മേളകള്‍ സെലക്ഷന്‍ പ്രോസസ് മാത്രമായിരിക്കും. പതിവായി തുടര്‍ന്നുവരുന്ന ആര്‍ഭാടങ്ങളും ആഘോഷങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കും. കലോത്സവം കുട്ടികളുടെ സര്‍ഗശേഷി പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റും. അതിനാല്‍ തന്നെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി വളരെ ലളിതമായി മാത്രമായിരിക്കും മേളകള്‍ നടത്തുകയെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
17 ന് മാന്വല്‍ കമ്മിറ്റി ചേര്‍ന്ന് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കലോത്സവത്തിന്റെ വേദി, സമയക്രമം തുടങ്ങിയ കാര്യങ്ങള്‍ മാന്വല്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കലോത്സവങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരണമെന്നതിനെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here