20
Feb 2019
Wednesday
Kuttanadu

പ്രളയ ദുരിതം: കേരളത്തിന് സഹായവുമായി ആന്ധ്ര സർക്കാർ

പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായവുമായി ആന്ധ്രപ്രദേശ് സർക്കാരിന്റെ പ്രതിനിധിയായ ഉപ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പ എത്തി. 35 കോടി രൂപ ധനസഹായത്തിന്റെ ചെക്ക് മന്ത്രി ഇ. പി. ജയരാജന് കൈമാറി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രൻൻ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സന്നിഹിതരായിരുന്നു. ഭക്ഷ്യധാന്യവും മരുന്നുമുൾപ്പെടെ 51.018 കോടി രൂപയുടെ സഹായമാണ് ആന്ധ്ര സർക്കാർ കേരളത്തിന് നൽകിയത്.

2014 മെട്രിക്ക് ടൺ അരിയും അവശ്യ സാധനങ്ങളടങ്ങിയ കിറ്റും കേരളത്തിന് നൽകിയതായി മന്ത്രി ചിന്നരാജപ്പ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റെങ്ങും കാണാത്തത്ര വ്യാപ്തിയുള്ള വിപത്താണ് കേരളത്തിൽ സംഭവിച്ചത്. പുതിയ കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ആന്ധ്രസർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാവും. മികച്ച ദുരന്ത നിവാരണ സംവിധാനങ്ങൾ ആന്ധ്രാപ്രദേശിനുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ആവശ്യമായ പരിശീലനം നൽകാനും വളരെ പെട്ടെന്ന് വീട് നിർമിക്കാനാവുന്ന സാങ്കേതിക വിദ്യ കൈമാറാനും തയ്യാറാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്.

ദുരന്തത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന ചന്ദ്രബാബു നായ്ഡുവിന്റെ ആവശ്യത്തെ തുടർന്ന് ആന്ധ്രയിലെ ജനങ്ങൾ കൈയയച്ചു സഹായിക്കുകയായിരുന്നു. ആന്ധ്രയിലെ 13 സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ സ്വീകരണ കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. മൂന്നു ദിവസം കൊണ്ട് 115 ട്രക്കുകളിലാണ് സാധനം കേരളത്തിലേക്ക് അയച്ചത്. ഇതിനു പുറമെ റെയിൽ മാർഗവും സാധനങ്ങൾ എത്തിച്ചു. അരി മില്ലുകളിൽ നിന്ന് ജയ, മട്ട അരി സർക്കാർ ആറു കോടി രൂപ നൽകി നേരിട്ടു വാങ്ങി അയയ്ക്കുകയായിരുന്നു. കേരളത്തിന്റെ ആവശ്യമനുസരിച്ച് കൂടുതൽ സഹായം നൽകാൻ തയ്യാറാണ്. അരി വില കൂടാതെ കേരളത്തെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ വൈദ്യുതി വകുപ്പ്, ഫയർ ഫോഴ്‌സ്, ദുരന്ത നിവാരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനവും കേരളത്തിനായി ലഭ്യമാക്കി.

ദുരന്ത സാഹചര്യങ്ങളിൽ വിദേശത്തു നിന്നുൾപ്പെടെ സഹായം ലഭിക്കുന്നത് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ നൽകിയ ധനസഹായത്തിലെ ഒരു വിഹിതം ശബരിമലയിലെ പുനർനിർമാണ പ്രവൃത്തികൾക്കായി വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ ലക്ഷക്കണക്കിനാളുകൾക്ക് ശബരിമലയുമായി അഭേദ്യ ബന്ധമുണ്ട്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രയിൽ നിന്നുള്ള നിരവധി പേർ നേരിട്ട് സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്ര സർക്കാരിന്റെ വിഹിതമായി പത്തു കോടി രൂപ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. അവിടത്തെ നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി നൽകി. ഇത് 20 കോടി രൂപയുണ്ട്. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ മൂന്നു കോടി രൂപ നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നും കേരളത്തെ സഹായിക്കാൻ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ചിന്നരാജപ്പ പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റിയർടൈം ഗവേണൻസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മലയാളിയുമായ എ. ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Top