കവർച്ച കേസിലെ പ്രതി പോലീസ് പിടിയിൽ

കവർച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം കോട്ടുകാൽ സ്വദേശി വിഷ്ണു (30) നെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കലൂർ ജഡ്ജസ് അവന്യൂ കാട്ടകാരാ റോഡിൽ താമസം. ഇയാളുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഫ്ലാറ്റിന്റെ ഒന്നാം നിലയിലേക്ക് സൺ ഷെഡിലൂടെ കയറിയശേഷം ജനലിലൂടെ കമ്പി ഉപയോഗിച്ച് വാതിൽ തുറന്നശേഷം അകത്തു കയറി പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയും, തുടർന്നു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമസ്ഥയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവേ യുവതി ഉണരുകയും ഇയാളെ കണ്ടു ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. ഒച്ചവെക്കാതിരിക്കാൻ വായ പൊത്തിപിടിച്ചപ്പോൾ യുവതി ഇയാളുടെ കൈവിരൽ കടിച്ചു മുറിച്ചു. തുടർന്ന് ഗത്യന്തരമില്ലാതെ ഇയാൾ ഓടി രക്ഷപെടുകയും ചെയ്തു.
പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയ പോലീസ് ഉടനടി സമീപ സ്ഥലങ്ങളിൽ സ്ഥിരമായി മദ്യപിക്കുന്നവരെയും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കുറിച്ച് നടത്തിയ അന്വഷണത്തിൽ കൈവിരലിൽ പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടതായി പറയുകയും തുടർന്ന് കലൂർ ജിസിഡിഎ മാർക്കറ്റിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ലാൽജി, സിഐ കെജെ പീറ്റർ എന്നിവരുടെ നിർദ്ദേശ പ്രകാരം നോർത്ത് എസ്ഐ വിബിൻദാസ്, എസ്ഐ അനസ്, എഎസ്ഐ ശ്രീകുമാർ,എസ് സി പിഒ വിനോദ് കൃഷ്ണ, സിപിഒ റെക്സിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഫിംഗർ പ്രിന്റ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി വിവരങ്ങൾ ശേഖരിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here