Advertisement

വിറച്ച് വിറച്ച് ഇന്ത്യ ജയിച്ചു; ഞെട്ടിപ്പിച്ച് ഹോങ്കോംഗ്

September 19, 2018
Google News 1 minute Read

അസോസിയേറ്റ് ടീമിനോട് പരാജയപ്പെട്ടെന്ന ചീത്ത പേരില്‍ നിന്ന് ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു. കുഞ്ഞന്‍മാര്‍ എന്ന് വിലയിരുത്തിയവര്‍ ഇന്ത്യയെ ചക്രശ്വാസം വലിപ്പിച്ചു. ഒടുവില്‍ തട്ടീം മുട്ടീം ഇന്ത്യ വിജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും തോറ്റ് ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായെങ്കിലും ഹോങ്കോംഗ് എന്ന ഇത്തിരി കുഞ്ഞന്‍ ടീം ക്രിക്കറ്റ് ആസ്വാദകരുടെ മനം കവര്‍ന്നു. അതിശക്തരായ ഇന്ത്യയെ അവസാനം വരെ പേടിപ്പിച്ച് നിര്‍ത്താന്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോങ്കോംഗിന് സാധിച്ചു.

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഗ്രൂപ്പിലെ ദുര്‍ബലരായ ഹോങ്കോംഗിനെ വെറും 26 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടിയപ്പോള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 259 റണ്‍സ് നേടാനെ ഹോങ്കോംഗിന് കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 286 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോംഗ് അവസാനം വരെ വിജയത്തിനായി പൊരുതി. ഒരു സമയത്ത് വിക്കറ്റ് നഷ്ടം കൂടാതെ ഹോങ്കാംഗ് ഇന്ത്യയെ മറികടക്കുമെന്ന് പോലും തോന്നിപ്പിച്ചു. ഓപ്പണര്‍മാരായ നിസ്‌കത്ത് ഖാന്റെയും നായകന്‍ അന്‍ഷുമന്‍ റാത്തിന്റെയും അതിമനോഹരങ്ങളായ ഇന്നിംഗ്‌സുകള്‍ ഇന്ത്യയെ വെള്ളം കുടുപ്പിച്ചു. ടീം സ്‌കോര്‍ ബോര്‍ഡില്‍ 174 റണ്‍സ് തികഞ്ഞ ശേഷമാണ് ഓപ്പണിംഗ് ജോഡികള്‍ പിരിഞ്ഞത്. ആദ്യ വിക്കറ്റ് വീഴും വരെ ഇന്ത്യ അതീവ സമ്മര്‍ദ്ദത്തിലായിരുന്നു. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കി അന്‍ഷുമാന്‍ റാത്താണ് ആദ്യം കൂടാരം കയറിയത്. 97 പന്തില്‍ നിന്ന് നാല് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 73 റണ്‍സായിരുന്നു ഹോങ്കോംഗ് നായകന്റെ സംഭാവന. ആദ്യ വിക്കറ്റ് വീണതോടെ ഹോങ്കാംഗ് പ്രതിരോധത്തിലായി. 175 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 115 പന്തില്‍ നിന്ന് ഒരു സിക്‌സറും 12 ഫോറുകളുമായി 92 റണ്‍സ് നേടിയ നിസ്‌കത്ത് ഖാന്റെ ഇന്നിംഗ്‌സ് അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് സ്വന്തമാക്കി. പിന്നീടങ്ങോട്ട് കളി ഇന്ത്യയുടെ വരുതിയിലായി. ബാബര്‍ ഹയത്, കിഞ്ചിറ്റ് ഷാ, ഐസാസ് ഖാന്‍ എന്നിവര്‍ അവസാന വട്ട ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ടോസ് ലഭിച്ച ഹോങ്കോംഗ് നേരത്തെ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ആദ്യ 40 ഓവറുകളില്‍ മികച്ച പോരാട്ടം നടത്തി. രണ്ട് സിക്‌സറുകളും 15 ഫോറകളുമായി 120 പന്തില്‍ നിന്ന് ശിഖര്‍ ധവാന്‍ 127 റണ്‍സ് സ്വന്തമാക്കി. കരിയറിലെ 14-ാം ഏകദിന സെഞ്ച്വറിയാണ് ധവാന്‍ ദുബായില്‍ നേടിയത്. 70 പന്തില്‍ നിന്ന് 60 റണ്‍സുമായി അമ്പാട്ടി റായിഡു ധവാന് മികച്ച പിന്തുണ നല്‍കി. 40.4 ഓവറില്‍ വച്ച് ഇന്ത്യയ്ക്ക് ധവാനെ നഷ്ടാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 240 റണ്‍സ് ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് വന്നവരില്‍ ദിനേശ് കാര്‍ത്തിക് (33), കേദാര്‍ ജാദവ് (28 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് 48 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ഹോങ്കോംഗിന് വേണ്ടി കിഞ്ചിത്ത് ഷാ മൂന്ന് വിക്കറ്റും ഐസാസ് ഖാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ പാകിസ്ഥാനോട് തോല്‍വി ഏറ്റുവാങ്ങിയ ഹോങ്കാംഗ് ഈ തോല്‍വിയോടെ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായി. ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ബുധനാഴ്ച (സെപ്റ്റംബര്‍ 19) നടക്കും. ഇന്ത്യയും പാകിസ്ഥാനുമാണ് ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് പ്രവേശനം നേടിയ ടീമുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here