ബിഷപ്പിനെ ജയിലിലേക്ക് കൊണ്ടുപോകാതിരിക്കാന്‍ ശ്രമങ്ങള്‍; ചെറുത്ത് നിന്ന് കേരളാ പോലീസിന്റെ തന്ത്രങ്ങള്‍

ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിടാതിരിക്കാനും ജയിലിലേക്ക് കൊണ്ടുപോകാതിരിക്കാനുമുള്ള എല്ലാ അടവുകളും പയറ്റുകയായിരുന്നു ബിഷപ്പ് അനുകൂലികള്‍. നെഞ്ചുവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് ജാമ്യം വാങ്ങിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ അടുത്ത ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ വക്കാന്‍ കേരളാ പോലീസ് തന്നെയാണ് മുന്‍കൈ എടുത്തത്. ബിഷപ്പിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന നിര്‍ബന്ധമായിരുന്നു അതിന് കാരണം.
നിരീക്ഷണത്തില്‍ വച്ച ആറ് മണിക്കൂര്‍ കൊണ്ട് ബിഷപ്പിനെ പൂര്‍ണ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും വിധേയനാക്കുകയായിരുന്നു അന്വേഷണസംഘം. ശാരീരിക ബുദ്ധിമുട്ടുകളില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു ആ നീക്കം. രാത്രി 11 മണിക്കും പിന്നീട് പുലര്‍ച്ചെ അഞ്ച് മണിക്കും ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ‘ട്രോപ്പ് ഐ’ ടെസ്റ്റിന് ബിഷപ്പിനെ വിധേയനാക്കി ആരോഗ്യവാനാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുകയായിരുന്നു. ഇസിജി, ഇക്കോ ടെസ്റ്റ് തുടങ്ങി വിവിധ പരിശോധനകള്‍ക്ക് ബിഷപ്പ് വിധേയനായി. കാര്യമായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ബിഷപ്പിനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ എത്തിച്ചത്.
മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. തൃശൂരില്‍ നിന്നുള്ള അഡ്വ. കെ. ജയചന്ദ്രനും അഡ്വ. ജെനോ ആന്റണിയുമാണ് ബിഷപ്പിന് വേണ്ടി ഹാജരായത്. കസ്റ്റഡിയില്‍ വിട്ടതോടെ ബിഷപ്പ് അനുകൂലികളുടെ ആദ്യ പദ്ധതി പാളിയിരിക്കുകയാണ്. തിങ്കളാഴ്ച ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകാതിരിക്കാനുള്ള കരുക്കളായിരിക്കും ബിഷപ്പിന്റെ അഭിഭാഷകര്‍ ഇനി നീക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here