സി. ലൂസിക്ക് വിലക്ക് തുടരുന്നു; വികാരിയുടെ വാര്‍ത്താക്കുറിപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍!

സി. ലൂസിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണോ? പള്ളി വികാരിയുടെ വാര്‍ത്താക്കുറിപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.

പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരിലും മാധ്യമങ്ങളിലൂടെ സഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരിലും ഒരു സന്യാസിനിക്ക് സഭയിലുള്ള അവകാശത്തെ സി. ലൂസിക്ക് (എഫ്.സി.സി) നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പള്ളിയില്‍ പരിശുദ്ധ കുര്‍ബാനക്ക് നല്‍കാനും ഞായറാഴ്ചകളില്‍ വേദപാഠ ക്ലാസുകള്‍ എടുക്കാനും സി. ലൂസിക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍, ഈ ഞായറാഴ്ച മുതല്‍ അവരെ അതിന് വിലക്കിയ വാര്‍ത്ത രാവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാനന്തവാടി രൂപതയിലെ കാരക്കാമല ഇടവകയില്‍ സ്ഥിതി ചെയ്യുന്ന എഫ്.സി.സി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍) മഠത്തിലെ അംഗമാണ് സിസ്റ്റര്‍ ലൂസി. ഇടവക ദേവാലയങ്ങളിലെ ആത്മീയ കാര്യങ്ങളില്‍ വികാരിയെ സഹായിക്കാനുള്ള അവകാശം സന്യാസിനികള്‍ക്കുണ്ട്. ഏതെല്ലാം കാര്യങ്ങളില്‍ അവര്‍ക്ക് ഇടപെടാമെന്ന് അതാത് വികാരിയച്ചന്‍മാര്‍ക്ക് തീരുമാനിക്കാവുന്നതുമാണ്. ഈ സാഹചര്യത്തിലാണ് സി. ലൂസിയ വിശുദ്ധ കുര്‍ബാനയ്ക്ക് കൊടുത്തിരുന്നതും ഞായറാഴ്ചകളില്‍ വേദപാഠം നടത്തിയിരുന്നതും. പെട്ടന്നൊരു ദിവസം ഇതില്‍ നിന്ന് ഇടവക വികാരി സന്യാസിനിയെ വിലക്കുകയായിരുന്നു. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ ഈ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുമുണ്ട്. പ്രതികാര നടപടികള്‍ രൂപതയോ ഇടവകയോ സ്വീകരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ( വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന്) വിലക്കുള്ള കാര്യങ്ങള്‍ അതേപടി നലനില്‍ക്കുന്നു എന്ന് തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, നടപടികളൊന്നും രൂപത സ്വീകരിച്ചിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പിന്റെ അവസാനത്തില്‍ പറയുകയും ചെയ്യുന്നു.

അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളില്‍ സന്നിഹിതയായും സിസ്റ്റര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇടവകയിലെ വിശ്വാസ സമൂഹത്തിന് അവരുടെ വിശ്വാസജീവിതവുമായി പൊരുത്തപ്പെടുന്നതല്ല എന്ന് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്വാസികള്‍ തന്നെ സിസ്റ്ററിനെതിരെ രംഗത്തുവന്നതിനാലാണ് വിശ്വാസകാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരായതെന്ന് വികാരിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സി. ലൂസി എഫ്.സി.സിക്കുള്ള വിലക്ക് തുടരുന്നു എന്ന് തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പറയുകയും ചെയ്യുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് ചൂടുപിടിച്ച് നിന്ന ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കെതിരെയും ഭൂമികുംഭകോണത്തില്‍ ഇടപെട്ടതായി പറയുന്ന ഏതാനും വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ തന്നെ രംഗത്തെത്തിയിരുന്നു. ആത്മീയ കാര്യങ്ങളില്‍ നിന്ന് കര്‍ദിനാള്‍ പോലും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ അടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആര്‍ക്കെതിരെയും സഭാ നേതൃത്വം യാതൊരു വിധത്തിലുമുള്ള അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. ആര്‍ക്കും സഭാ ശുശ്രൂഷകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഒരു കന്യാസ്ത്രീക്കെതിരെ മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്തപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അതിന് കാരണമായി പറയുന്നതാകട്ടെ വിശ്വാസികളുടെ വികാരത്തെ മാനിച്ചിട്ടാണെന്നും!. സിസ്റ്റര്‍ ലൂസി ചെയ്ത തെറ്റായി ഇവിടെ ചൂണ്ടിക്കാട്ടുന്നത് സമൂഹമാധ്യമങ്ങളിലൂടെയുള്ള എഴുത്തും മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുമാണ്. എന്നാല്‍, സിസ്റ്റര്‍ നടത്തിയ ഏത് പരാമര്‍ശമാണ് തെറ്റ് എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുമില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More