അനൂപിന്റെ ‘സ്റ്റാറ്റസ് മീന്‍ കച്ചോടം’

status fish

സൈക്കിളിന് പുറകിലെ കുട്ടയിലെ മീനുകളുടെ പേര് വിളിച്ച് പറഞ്ഞ്, കൂകി വിളിച്ച്, ഹോണും മുഴക്കിയുള്ള മീന്‍കാരന്റെ വരവൊക്കെ ഇപ്പോള്‍ നാട്ടിന്‍ പുറങ്ങള്‍ക്ക് പോലും കിട്ടാക്കനി കാഴ്ചകളില്‍ ഒന്നാണ്. മീന്‍കാരന്റെ സൈക്കിളിന് പുറകെ കൂടുന്ന പൂച്ചകളും, മീന്‍കുട്ടയിലെ ഐസിനായി ചുറ്റുംകൂടുന്ന കുട്ടികളും ഇപ്പോള്‍ വാട്ടര്‍കളര്‍ മത്സരങ്ങളില്‍പോലും തെളിയാറില്ലെന്നതാണ് സത്യം. ഹീറോ സൈക്കിളില്‍ നിന്ന് എം80യിലേക്കും ഹോണ്ട ബൈക്കുകളിലേക്കും അവിടുന്ന് ഇപ്പോള്‍ പെട്ടിഓട്ടോയിലേക്കും മീന്‍കച്ചവടം മാറിയത് പെട്ടെന്നാണ്. ഈ മാറുന്ന രീതിയോട് ഒപ്പം ചേര്‍ന്ന് നവീനമായ ഒരു ‘മീന്‍ വില്‍പന മാതൃക’ ആവിഷ്കരിച്ചിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശി അനൂപ്.


കഴിഞ്ഞ നാല് കൊല്ലക്കാലമായി മീന്‍ കച്ചവടം വരുമാന മാര്‍ഗ്ഗമാക്കിയ അനൂപിന്റെ ഇപ്പോഴത്തെ മീന്‍വില്‍പ്പന വാട്സ് ആപ് വഴിയാണ്. കൃത്യമായി പറഞ്ഞാല്‍ വാട്സ് ആപ് സ്റ്റാറ്റസ് വഴി.  എന്നും രാവിലെ തന്റെ കൈവശമുള്ള മീനുകളുടെ ഫോട്ടോകളുമായി അനൂപ് വാട്സ് ആപ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. പെടപെടയ്ക്കണ മീനകളുടെ സ്റ്റാറ്റസ് കാണുന്ന കസ്റ്റമേഴ്സ് അപ്പോള്‍ തന്നെ ഓര്‍ഡര്‍ നല്‍കുകയും ചെയ്യും. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അനൂപ് മത്സ്യം നേരിട്ട് എത്തിച്ച് കൊടുക്കും. ‘സ്റ്റാറ്റസ് ബിസിനസ്’ ആരംഭിച്ചതില്‍ പിന്നെ കസ്റ്റമേഴ്സിനെ തേടി പോകേണ്ടി വന്നിട്ടില്ല, അവരെന്നെ തേടി വരികയായിരുന്നുവെന്ന് അനൂപ് പറയുന്നു.  എണ്ണൂറോളം പേരാണ് വാട്സ് ആപ് കസ്റ്റമേഴ്സായി അനൂപിന് ഇപ്പോഴുള്ളത്.

ചെല്ലാനം, ചമ്പക്കര മാര്‍ക്കറ്റുകളില്‍ നിന്നാണ് അനൂപ് മീന്‍ വാങ്ങുന്നത്. പ്രാദേശിക മീന്‍ പിടുത്തക്കാരും അനൂപിന് മീന്‍ വില്‍ക്കും. ട്രോളിംഗ് നിരോധനക്കാലത്ത് വീട്ടില്‍ മത്സ്യകൃഷിയും പൊടിപൊടിപ്പിച്ചു അനൂപ്. പൂര്‍ണ്ണമായും ‘ജൈവ’മായ കരിമീന്‍, തിലോപ്പി, വറ്റ, ചെമ്പല്ലി, പള്ളത്തി തുടങ്ങിയ മീനുകളാണ് അന്ന് അനൂപിന്റെ വാട്സ് സ്റ്റാറ്റസില്‍ നിറഞ്ഞത്. അമോണിയ ഇട്ട മീനാണോ എന്ന ചോദ്യം തന്റെ കസ്റ്റമേഴ്സ് ഒരിക്കല്‍പോലും തന്നോട് ചോദിച്ചിട്ടില്ലെന്ന് അനൂപ് പറയുന്നു. അത്രയ്ക്ക് വിശ്വാസമാണ് അവര്‍ക്ക് അനൂപിനെ.

മഹാരാജാസ് കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദമെടുത്തയാളാണ് അനൂപ്. പഠനം കഴിഞ്ഞതിന് പിന്നാലെ ഗള്‍ഫില്‍ പോകാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. പണം നഷ്ടപ്പെടുകയും ചെയ്തു. ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടത്തിലാണ് മത്സ്യത്തൊഴിലാളിയായ  അമ്മയോടൊപ്പം മത്സ്യ കച്ചവടത്തിന് അനൂപ് ഇറങ്ങുന്നത്. പേട്ടയിലാണ് അനൂപ് അമ്മയോടൊപ്പം ചേര്‍ന്ന് മീന്‍ വില്‍പ്പന ആരംഭിക്കുന്നത്. നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സ്റ്റാറ്റസ് പരീക്ഷണം ആരംഭിച്ചത്. അതോടെ അനൂപിന്റെ കസ്റ്റമേഴ്സ് ഇരട്ടിയായി. വാട്സ് ആപ് സ്റ്റാറ്റസ് കണ്ട് ആവശ്യപ്പെടുന്നവര്‍ക്ക് മീന്‍ വൃത്തിയാക്കിയും അനൂപ് എത്തിക്കും. അനൂപ് ഫിഷ് കോര്‍ണര്‍ എന്ന ഫെയ്സ് ബുക്ക് പേജ് വഴിയും അനൂപ് മത്സ്യം വില്‍ക്കുന്നുണ്ട്.

അനൂപിന്റെ നമ്പര്‍-95670 96886

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top