Advertisement

’33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ ശരിവച്ച നിയമം മകന്‍ റദ്ദാക്കി’; വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയതിന് പിന്നിലെ ചരിത്രം ഇങ്ങനെ

September 27, 2018
Google News 1 minute Read

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിക്ക് പിന്നില്‍ ഒരു ചരിത്രമുണ്ട്. 150 വര്‍ഷം പഴക്കമുള്ള നിയമം സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ വിധി പുറപ്പെടുവിക്കുന്ന ബഞ്ചില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഉണ്ടായിരുന്നു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡുമായി ബന്ധപ്പെട്ട് 497-ാം വകുപ്പിന് മറ്റൊരു ബന്ധവുമുണ്ട്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പ് 33 വര്‍ഷം മുന്‍പ് ശരിവച്ചത് ഡി.വൈ ചന്ദ്രചൂഡിന്റെ അച്ഛനാണ്. 1986 ലാണ് ഈ വകുപ്പിന് നിയമപരമായി അംഗീകാരം നല്‍കിയത്. ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡാണ് അന്ന് 497-ാം വകുപ്പ് ശരിവച്ചത്. അന്ന് അച്ഛന്‍ ശരിവച്ച ആ വകുപ്പാണ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ ഡി.വൈ ചന്ദ്രചൂഡ് റദ്ദാക്കിയത്.

സൗമിത്രി വിഷ്ണു Vs. യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് അച്ഛൻ ജസ്റ്റിസ് യെശ്വന്ത്‌ ചന്ദ്രചൂഡ് 1986 വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497 വകുപ്പിന് അംഗീകാരം നൽകിയത്. എന്നാൽ 33 വർഷങ്ങൾക്കിപ്പുറം ജോസഫ് ഷൈൻ Vs. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ അച്ഛന്റെ നിഗമനങ്ങൾ തെറ്റാണെന്നു മകൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കണ്ടെത്തുകയും വകുപ്പ് റദ്ദാക്കുകയും ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെയാണ് സുപ്രധാന വിധിയുണ്ടായത്. മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ജോസഫ് ഷൈനിന്റെ ചോദ്യം. കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്‍റെ ലംഘനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു നിരീക്ഷണം. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അച്ഛന്റെ ജഡ്ജ്‌മെന്റ് തിരുത്തുന്നത്. സ്വകാര്യത പൗരാവകാശമായി പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് ചന്ദ്രചൂഡ് അച്ഛന്റെ എ ഡി എം ജബൽപൂർ കേസിലെ വിധിയെ തിരുത്തി വിധി പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here