‘ബംഗ്ലാ കടുവകളെ ഇന്ത്യ മെരുക്കുമോ?’ ; ഏഷ്യാ കപ്പില്‍ ഇന്ന് കലാശപോരാട്ടം

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെ മറികടന്ന ബംഗ്ലാ കടുവകളുടെ പോരാട്ട വീര്യം ഇന്ത്യ ഗൗരവമായി എടുത്തായിരിക്കും ഇന്ന് കലാശപോരാട്ടത്തിന് കളത്തിലിറങ്ങുക. ഏഷ്യാ കപ്പില്‍ ഏഴാം തവണ മുത്തമിടാനാണ് ഇന്ത്യ ഇന്ന് ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടുക. ബംഗ്ലാദേശിനാകട്ടെ ഇത് ആദ്യ ഏഷ്യാ കിരീട നേട്ടത്തിനുള്ള അവസരമാണ്. ഇന്ന് വൈകീട്ട് അഞ്ചിന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍ മത്സരം തത്സമയം കാണാം.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിശ്രമിച്ച രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ ഇന്ന് ടീമിലെത്തും. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യുശ്വേന്ദ്ര ചഹാൽ എന്നിവരും ടീമിലെത്തും. അഫ്ഗാനെതിരെ തിളങ്ങിയെങ്കിലും ലോകേഷ് രാഹുലിന് ഇന്ന് ഇടംകിട്ടിയേക്കില്ല.

പാകിസ്ഥാനെതിരെ നേടിയ ആവേശകരമായ ജയത്തിനിടയിലും ഓൾ റൗണ്ടർ ഷാകിബ് അൽ ഹസന്റെ പരിക്കാണ് ബംഗ്ലാദേശിന് ആശങ്ക. ഷാകിബിന്റെ അഭാവം പാകിസ്ഥാനെതിരെ ബാധിച്ചില്ല. പക്ഷെ, ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാരനാണ് ഷാകിബ്. വിരലിനു പരിക്കേറ്റ ഷാകിബ് നാട്ടിലേക്ക് മടങ്ങി. ടൂർണമെന്റിന്റെ തുടക്കത്തിൽത്തന്നെ ഓപ്പണർ തമീം ഇക്ബാൽ മടങ്ങിയിരുന്നു. ഫൈനൽപോലെ നിർണായക മത്സരത്തിൽ ഇരുവരുടെയും അഭാവം ബംഗ്ലാദേശിനെ ബാധിക്കാനിടയുണ്ട്.

Top