മക്ക-മദീന ചൂളംവിളിക്ക് കാതോര്‍ത്ത് തീര്‍ഥാടകര്‍; അതിവേഗ ട്രെയിന്‍ വ്യാഴാഴ്ച സര്‍വീസ് ആരംഭിക്കും

മക്ക മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമെയിന്‍ അതിവേഗ ട്രെയിന്‍ ഒക്ടോബര്‍ നാല് (വ്യാഴാഴ്ച) സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തിനാലിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍വഹിച്ചിരുന്നു. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ചുരുങ്ങിയ ചെലവില്‍ പെട്ടെന്ന് പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.
വര്‍ഷത്തില്‍ ആറു കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ പാകത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രതിദിനം 1,60,000 ത്തോളം പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. മക്ക മദീന നഗരങ്ങള്‍ക്കിടയിലെ നാനൂറ്റിയമ്പത് കിലോമീറ്റര്‍ ദൂരം ഏതാണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട് ഓടിയെത്തും. ജിദ്ദ മക്ക യാത്രയ്ക്ക് അര മണിക്കൂറില്‍ താഴെ മാത്രം. മണിക്കൂറില്‍ മുന്നൂറു കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ട്രെയിനിന്‍റെ യാത്ര. മുപ്പത്തിയഞ്ചു ബോഗികള്‍ ആണ് നിലവില്‍ സര്‍വീസിനു ഉപയോഗിക്കുക. ഓരോ ബോഗിയിലും 417 സീറ്റുകളുണ്ട്. ഇക്കണോമിക് ക്ലാസും, ബിസിനസ് ക്ലാസും ഉണ്ടാകും. മക്ക, ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ വിമാനത്താവളം, റാബഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ ഉള്ളത്. ജിദ്ദ സ്റ്റേഷനില്‍ ആറായിരവും മദീന സ്റ്റേഷനില്‍ അയ്യായിരവും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. നൂറുക്കണക്കിന് വ്യാപാര സ്ഥാപങ്ങനങ്ങള്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍ ഓപ്പറെഷന് ആവശ്യമായ വൈദ്യുതി വിതരണത്തിനായി വഴികളില്‍ ആറു വൈദ്യുതി സ്റ്റെഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്.
മക്ക-മദീന യാത്രയ്ക്ക് ഇക്കണോമിക് ക്ലാസില്‍ നൂറ്റിയമ്പത് സൗദി റിയാലും ബിസിനസ് ക്ലാസില്‍ ഇരുനൂറ്റിയമ്പത് റിയാലുമായിരിക്കും നിരക്ക്. ജിദ്ദ-മക്ക യാത്രയ്ക്ക് ഇത് യഥാക്രമം നാല്‍പ്പതും അമ്പതും റിയാല്‍ ആയിരിക്കും.
സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെയാണ്:
ഇക്കണോമിക് ക്ലാസ്:
മക്ക ജിദ്ദ യാത്രയ്ക്ക് 40 റിയാല്‍
മക്ക-റാബിഗ് 80 റിയാല്‍
മക്ക-മദീന 150 റിയാല്‍
ജിദ്ദ-റാബിഗ് 45 റിയാല്‍
ജിദ്ദ-മദീന 125 റിയാല്‍. റാബഗ്-മദീന 100 റിയാല്‍.
ബിസിനസ് ക്ലാസ്:
മക്ക ജിദ്ദ യാത്രയ്ക്ക് 50 റിയാല്‍
മക്ക-റാബിഗ് 110 റിയാല്‍
മക്ക-മദീന 250 റിയാല്‍
ജിദ്ദ-റാബിഗ് 65 റിയാല്‍
ജിദ്ദ-മദീന 210 റിയാല്‍
റാബഗ്-മദീന 150 റിയാല്‍.
എന്നാല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനു ആദ്യത്തെ രണ്ട് മാസം യാത്രക്കാരില്‍ നിന്ന് പകുതി നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ഇതുപ്രകാരം മക്കയില്‍ നിന്ന് മദീനയിലേക്ക് ഇക്കണോമിക് ക്ലാസില്‍ 75 റിയാലിനും ബിസിനസ് ക്ലാസില്‍ 125 റിയാലിനും യാത്ര ചെയ്യാം. മക്ക-ജിദ്ദ യാത്രയ്ക്ക് ഇക്കണോമിക് ക്ലാസില്‍ 20 ഉം ബിസിനസ് ക്ലാസില്‍ 25 റിയാല്‍ നല്‍കിയാല്‍ മതി.
ഡിസംബര്‍ വരെ ആഴ്ചയില്‍ നാല് ദിവസം മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും മക്കയില്‍ നിന്ന് മദീനയിലേക്ക് നാലും മദീനയില്‍ നിന്ന് മക്കയിലേക്ക് നാലും വീതം സര്‍വീസുകള്‍ ഉണ്ടാകും. 2019 ജനുവരി മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് ഉണ്ടായിരിക്കും. ഓരോ ഭാഗത്തേക്കുമുള്ള സര്‍വീസുകളുടെ എണ്ണം നാളില്‍ നിന്ന് ആറായി ഉയര്‍ത്തുകയും ചെയ്യും. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ചു സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പളിക്കേഷന്‍ രൂപപ്പെടുത്തും.
2011 ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പലപ്പോഴും തടസ്സപ്പെടുത്തി. ഇത് പദ്ധതി വൈകാന്‍ കാരണമായി. പന്ത്രണ്ടു സ്പാനിഷ് കമ്പനികളും രണ്ട് സൗദി കമ്പനികളും അടങ്ങിയ അല്‍ഷോല കണ്‍സോര്‍ഷ്യത്തിനായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. നിര്‍മാണവും മുപ്പത്തിയഞ്ച് ട്രെയിനുകളുടെ പന്ത്രണ്ട് വര്‍ഷത്തെ ഓപറേഷനുമാണ് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ട് വരി പാതകള്‍, 46 റെയില്‍ പാലങ്ങള്‍, 9 നീര്‍ച്ചാല്‍ പാലങ്ങള്‍, 5 റെയില്‍ തുരങ്കങ്ങള്‍, വാഹനങ്ങള്‍ക്ക് പാസ് ചെയ്യാന്‍ 53 ഓവര്‍ പാസുകള്‍, 30 അണ്ടര്‍ പാസുകള്‍, 12 ഒട്ടക ക്രോസിംഗ് പോയിന്റുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു.
നിലവില്‍ മക്ക മദീന യാത്രക്ക് റോഡ്‌മാര്‍ഗം യാത്ര ചെയ്യാന്‍ അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡ് മാര്‍ഗമുള്ള യാത്ര അത്ര സുരക്ഷിതമല്ല എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഹറമെയിന്‍ ട്രെയിന്‍ പദ്ധതി രൂപകല്‍പന ചെയ്തത്. വിഷന്‍ 2030 പദ്ധതി പ്രകാരം വര്‍ഷത്തില്‍ മൂന്നു കോടി വിദേശ ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇത് എഴുപത് ലക്ഷത്തോളമാണ്. ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഇരുപത് ലക്ഷത്തില്‍ നിന്നും അമ്പത് ലക്ഷമായും വര്‍ധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here