Advertisement

ശബരിമലയിലെ സ്ത്രീപ്രവേശനം; ഇന്ന് നിര്‍ണായ വിധി

September 28, 2018
Google News 1 minute Read

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും. കേരളത്തിലെ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുള്ള വിധിയാണ് രാജ്യത്തെ പരമോന്നത് കോടതി ഇന്ന് രാവിലെ 10.30 ന് പുറപ്പെടുവിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ പ്രത്യേക വിധികള്‍ പ്രസ്താവിക്കും. ബെഞ്ചിലെ മറ്റൊരു അംഗം ആയ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ മാത്രമാണ് പ്രത്യേക വിധി എഴുതാത്തത്. എട്ട് ദിവസത്തെ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് എട്ടിന് ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് മാറ്റിവക്കുകയായിരുന്നു.

2006ൽ ഇന്ത്യൻ യങ‌് ലോയേഴ‌്സ‌് അസോസിയേഷനാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്. പ്രധാന ഹർജിക്ക‌ു പിന്നാലെ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹർജികളും കോടതിയുടെ പരിഗണനയ‌്ക്കെത്തി. തുല്യതയും  മതാചാരം അനുഷ‌്ഠിക്കാനുള്ള അവകാശവും വാഗ‌്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമാണ‌് പ്രവേശനവിലക്കെന്നാണ‌് ഹർജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന‌് പിന്നിലുണ്ടെന്ന‌് ഹർജിക്കാർ ആരോപിച്ചു.

2008 മാർച്ചിലാണ‌് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ച‌് പരിഗണിക്കുന്നത‌്. 2016 ജനുവരിയിൽ വിഷയം വീണ്ടും മൂന്നംഗ ബെഞ്ച‌് പരിഗണിച്ചു. 2017 ഒക്ടോബറിൽ ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച‌് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിട്ടു.

സ‌്ത്രീകൾക്ക‌് പ്രായഭേദമെന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന‌് സംസ്ഥാനസർക്കാർ കോടതിയിൽ നിലപാട‌് വ്യക്തമാക്കി. ആർത്തവംപോലെ തികച്ചും ശാരീരികമായ അവസ്ഥയുടെ പേരിലുള്ളതാണ‌് പ്രവേശനവിലക്കെങ്കിൽ അത‌്  14,15, 17 അനുച്ഛേദങ്ങളുടെ ലംഘനമാകുമോ?

അത്തരം വിലക്ക‌് മതപരമായ ആചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങൾ പ്രകാരം ന്യായീകരിക്കാൻ കഴിയുമോ? ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന‌് മതത്തിനുള്ളിലെ സവിശേഷ പദവി അർഹിക്കാൻ കഴിയുമോ? കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഞ്ചിതനിധിയിൽനിന്നുള്ള ഫണ്ട‌് സ്വീകരിച്ച‌് പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കാൻ സാധിക്കുമോ? കേരള ഹൈന്ദവ ആരാധനലായ 3 (ബി) ചട്ടം  10 മുതൽ  50 വരെ പ്രായമുള്ള സ‌്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടിക്ക‌് മതിയായ പിൻബലമാകുമോ? കേരള ഹൈന്ദവ ആരാധനാലായ നിയമത്തിന‌് വിരുദ്ധമാണോ അതിലെതന്നെ 3 (ബി) ചട്ടം തുടങ്ങിയ വിഷയങ്ങളാണ‌് ഭരണഘടനാബെഞ്ച‌് പരിശോധിച്ചത‌്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here