മഹാരാജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊള്ളപ്പലിശക്കാരന്‍ മഹാദേവ് മഹാരാജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയാണ് മഹാരാജിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കോടതി തീരുമാനത്തെ തുടര്‍ന്ന് കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് കാണിച്ച് പ്രോസിക്യൂട്ടര്‍ രംഗത്ത് വന്നു. എന്നാല്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ ഇത് പരിഗണിക്കാമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇതോടെ പ്രോസിക്യൂട്ടര്‍ കോടതി മുറിയില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ജഡ്ജി കോടതി നടപടികൾ നിർത്തിവച്ചു ഇറങ്ങിപ്പോയി.
തമിഴ്നാട് സ്വദേശിയായ മഹാദേവ് കേരളത്തില്‍ അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാടാണ് നടത്തിയത്. മഹാദേവിനെ ആദ്യം പിടികൂടാന്‍ പോയ പോലീസ് സംഘത്തെ മഹാദേവിന്റെ കൂട്ടാളികള്‍ ആക്രമിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇവര്‍ മഹാദേവിനെ മോചിപ്പിക്കുകയായിരുന്നു. കോയമ്പത്തൂര്‍ വച്ച് പോലീസ് വാഹനത്തെ പിന്തുടര്‍ന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാളെ കടത്തിക്കൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞമാസമായിരുന്നു സംഭവം.
ഇത്തവണയും കൂട്ടാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ പോലീസിന്റെ വരവ് ഇവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇവരുടെ ചെറുത്ത് നില്‍പ്പ് പോലീസ് ആകാശത്തേക്ക് വെടിവച്ചപ്പോഴേക്കും ശിഥിലമാകുകയും ചെയ്തു. കനത്ത സുരക്ഷയിലാണ് കേരള പോലീസ് മഹാദേവിനെ കൊച്ചിയില്‍ എത്തിച്ചത്. കൊച്ചി സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണ് ഇപ്പോള്‍ മഹാദേവിനെ പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഫിലിപ്പ് തന്റെ ആഢംബരക്കാര്‍ പണയം വച്ച് മഹാദേവിന്റെ കയ്യില്‍ നിന്ന് 45ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം മുഴുവന്‍ മടക്കി നല്‍കിയിട്ടും മഹാദേവ് കാറ് തിരിച്ച് നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല പലിശയും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഫിലിപ്പ് പോലീസിനെ സമീപിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here