മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ ബാലു മടങ്ങി
സംഗീത ലോകത്തിന് ബാലഭാസ്‌കറിന്റെ വിയോഗം തീരാനഷ്ടമാണ്. വയലിനില്‍ മായാജാലം തീര്‍ക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ മരണവിവരം സംഗീത ലോകത്തെ പ്രമുഖര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്.
സെപ്റ്റംബര്‍ 25 ന് (ചൊവ്വാഴ്ച) തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. രണ്ട് വയസുള്ള ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തേജസ്വിനി ബാലയുടെ മരണ വിവരം ഏറെ നെഞ്ചിടിപ്പോടെയാണ് ബാലുവിനെ അടുത്തറിയുന്ന എല്ലാവരും ഉള്‍ക്കൊണ്ടത്. അച്ഛന്‍ വയലിനില്‍ മായാജാലം തീര്‍ക്കുമ്പോള്‍ പല വേദികളിലും തേജസ്വിനി ബാലയുടെ നിഷ്‌കളങ്ക സാന്നിധ്യവും ഉണ്ടായിരുന്നു.
ബാലഭാസ്‌കറിനും ലക്ഷ്മിക്കും പത്ത് വര്‍ഷത്തോളം കാത്തിരുന്ന് ലഭിച്ച മകളാണ് തേജസ്വിനി. ആ കുഞ്ഞിന്റെ വിയോഗം ബാലഭാസ്‌കറിനെ എത്രത്തോളം തളര്‍ത്തുമെന്ന് സംഗീത ലോകത്തുള്ളവര്‍ക്കും ബാലുവിനെ അടുത്തറിയുന്നവര്‍ക്കും നന്നായി അറിയാം. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്ക് ലഭിച്ച മകളുടെ പേരില്‍ പൂജകളും വഴിപാടുകളും നടത്താനായാണ് ബാലഭാസ്‌കറും കുടുംബവും തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയത്. അവിടെ പ്രാര്‍ത്ഥനകളും വഴിപാടുകളും പൂര്‍ത്തിയാക്കി മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം തേജസ്വിനിയുടെ ജീവന്‍ കവര്‍ന്നത്.
അവിടെയും തീര്‍ന്നില്ല വിധിയുടെ ക്രൂരതകള്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും അനന്തപുരി ആശുപത്രിയില്‍ വിദഗ്ധ ചികിത്സകള്‍ക്ക് വിധേയമാക്കി. അതിനിടയില്‍ ബാലഭാസ്‌കറിന് സ്‌പൈനല്‍ ഇന്‍ജുറിയെ തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തി. തേജസ്വിനിയുടെ മൃതദേഹം ബാലഭാസ്‌കറിനും ലക്ഷ്മിക്കും അവസാനമായി ഒരുനോക്ക് കാണാന്‍ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍, ബാലുവിന് ബോധം തെളിഞ്ഞില്ല. എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന തേജസ്വിനിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. അമ്മ ലക്ഷ്മി മാത്രമാണ് തേജസ്വിനിയുടെ മൃതദേഹം കണ്ടത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പ്രിയപ്പെട്ട മകളെ അവസാനമായി ഓരുനോക്ക് കാണാന്‍ ബാലുവിന് സാധിച്ചില്ല. കാലം ബാലുവിനോട് വല്ലാത്തൊരു ക്രൂരതയാണ് കാണിക്കുന്നതെന്ന് പോലും തോന്നിയ നിമിഷമായിരുന്നു അത്. അമ്മയെ കാണിച്ചതിനു ശേഷം തേജസ്വിനിയുടെ മൃതദേഹം തിരുവനന്തപുരത്തുള്ള വീട്ടില്‍ സംസ്‌കരിച്ചു.
ബാലഭാസ്‌കറിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പിന്നെയും തുടര്‍ന്നു. സംഗീത പ്രേമികള്‍ ബാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിന് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞ ഒരാഴ്ചകാലം. എയിംസ് ഹോസ്പിറ്റലില്‍ നിന്നുള്ള പ്രമുഖ ഡോക്ടര്‍മാരും ബാലഭാസ്‌കറിനെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയിരുന്നു. ഒടുവില്‍, ഇക്കഴിഞ്ഞ തിങ്കളാഴ്ച ബാലഭാസ്‌കറിന് ബോധം തെളിഞ്ഞെന്നും ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചവരെല്ലാം സന്തോഷിച്ചു. എന്നാല്‍, അവിടെയും വിധി ബാലഭാസ്‌കറിനെ തോല്‍പ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലു യാത്രയായി…ഒന്നിനും വേണ്ടി കാത്തുനില്‍ക്കാതെ ആ മാന്ത്രികന്‍ വിടപറഞ്ഞു…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here