ന്യൂനമര്‍ദ്ദം; ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ഇന്ന്

സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ഇന്ന് ചേരും. നാളെ മുതല്‍ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരുന്നത്.
അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഇന്ന് മുതൽ തന്നെ ശക്തമായ മഴയുണ്ടാകും. അതിശക്തമായ കാറ്റുണ്ടാവും. കടല്‍ അതിപ്രക്ഷുബ്ധമാവും. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ അഞ്ചിന് മുമ്പ് തീരത്തെത്തണം. ഒക്ടോബര്‍ നാലിനു ശേഷം ആരും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ അഞ്ച് മുതല്‍ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയുണ്ടാവും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം പാലിക്കണം. ഒക്ടോബര്‍ അഞ്ചോടെ മലയോര മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം. ഒക്ടോബര്‍ അഞ്ചു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണുന്നതിന് ജനങ്ങളെത്തുന്നത് ഒഴിവാക്കണം. പുഴയുടെയും ആറുകളുടെയും തീരങ്ങളില്‍ കഴിയുന്നരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം.
ജലാശയങ്ങളില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും അനുവദിക്കില്ല. മരങ്ങള്‍ വീഴാനും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിലും തീര മേഖലയിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. പ്രളയത്തെ തുടര്‍ന്ന് പല വീടുകളും തകര്‍ന്ന സ്ഥിതിയിലാണ്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സേനാ വിഭാഗങ്ങളോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍. ഡി. ആര്‍. എഫിന്റെ അഞ്ച് ടീമുകളെ ആവശ്യപ്പെടും. ഭിന്നശേഷിക്കാരെ മാറ്റി പാര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് നടപടിയെടുക്കും. ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറ്റി അടിയന്തിര യോഗം ചേർന്ന് ജാഗ്രത നിർദ്ദേശംനൽകി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോട ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിടണോ എന്ന് തീരുമാനിക്കും. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here