ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ജന്മഭൂമി

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ജന്മഭൂമി. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ കൈകൊണ്ട നിലപാടിന് വിരുദ്ധമായുള്ള ലേഖനമാണ് ജന്മഭൂമിയിലേത്. ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്റെ ലേഖനമാണ് ജന്മഭൂമി പ്രാധാന്യത്തോടെ അച്ചടിച്ചത്.
സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്.
ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്നാണ് ലേഖനത്തിലുള്ളത്. ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്നും ലേഖനത്തിലുണ്ട്.
കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകള്‍ക്കായി പണ്ടുമുതലേ ഭക്തരായ സ്ത്രീകള്‍ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. 1991 ലെ കേരള ഹൈക്കോടതിയുടെ ഒരുത്തരവോടെയാണ് സ്ത്രീപ്രവേശന നിരോധനത്തിന് നിയമപരമായ അടിത്തറ ലഭിച്ചത്. അതാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ദുര്‍ബ്ബലപ്പെടുത്തിയത്. ഒരു പ്രത്യേക പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് വിവേചനപരമാണെന്നും, അത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന് എതിരാണെന്നും ഉള്ള പരാതിയിന്‍മേലാണ് സുപ്രീംകോടതി, വ്യത്യസ്ത വീഷണഗതിക്കാരുടെ വാദം കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഈ ലിങ്കില്‍ വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here