‘വീഗന്‍’ ഭക്ഷണരീതിയാണ് കോഹ്‌ലിയുടെ ‘സീക്രട്ട് ഓഫ് എനര്‍ജി’

കഴിഞ്ഞ നാല് മാസമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ‘വീഗന്‍’ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. കോഹ്‌ലിയുടെ ആരോഗ്യത്തിന്റെയും കളിമികവിന്റെയും രഹസ്യം അന്വേഷിച്ച് പോയവര്‍ ഇന്ത്യന്‍ നായകന്റെ ജീവിതരീതി കണ്ട് ഞെട്ടിയിട്ടുണ്ടാകും.
കളിക്കളത്തില്‍ ഫിറ്റ്‌നസ് പുലര്‍ത്താനും ആ ഫിറ്റ്‌നസ് മണിക്കൂറുകളോളം നിലനിര്‍ത്താനും വിരാടിന് സാധിക്കുന്നത് ഭക്ഷണരീതി ക്രമീകരണം വലിയ അളവില്‍ സഹായിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളോടുള്ള സ്‌നേഹത്തെ തുടര്‍ന്നാണ് കഴിഞ്ഞ നാല് മാസമായി കോഹ്‌ലി നോണ്‍ വെജ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണമായും താരം വെജിറ്റേറിയന്‍ രീതിയാണ് പിന്തുടരുന്നത്. പ്രോട്ടീന്‍ അടങ്ങിയ പാനീയങ്ങളും ഒപ്പം സോയയും പച്ചക്കറികളുമാണ് കോഹ്‌ലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഈ ഭക്ഷണരീതിയെയാണ് വീഗന്‍ എന്ന് അറിയപ്പെടുന്നത്. ബിരിയാണിയായിരുന്നു വിരാടിന്റെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. ഇപ്പോള്‍ ഇത് പൂര്‍ണ്ണമായും താരം ഒഴിവാക്കിയിരിക്കുകയാണ്.
സമ്പൂര്‍ണ്ണ വെജിറ്റേറിയനുകളാണ് വീഗനുകള്‍. പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും ഉപേക്ഷിച്ച് സമ്പൂര്‍ണ്ണ സസ്യാഹാരമാകും ഇത്തരക്കാര്‍ കഴിക്കുക. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, കൂണ്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തേങ്ങാപ്പാല്‍, സോയാ മില്‍ക്ക് എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ഭക്ഷണ രീതികളാണ് വീഗനുകള്‍ പാലിക്കാറുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here