ശബരിമല വിധിയെ തുടര്‍ന്നുള്ള പ്രതിഷേധം; പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് മുന്നണി യോഗം തീരുമാനിച്ചു

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധി സർക്കാരിനെതിരെ പ്രചരണായുധമാകുന്ന പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് മുന്നണി യോഗം തീരുമാനിച്ചു. വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നതാണ് മുന്നണി യോഗത്തിന്റെ നിലപാട്.
വിധി വന്നതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിന് മേൽ ചുമത്തുന്ന സാഹചര്യത്തിലാണ് സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ മുന്നണി യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബിജെപി ജാഥ കടന്ന് പോകുന്ന തെക്കൻ ജില്ലകളിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. 16 ന് തിരുവനന്തപുരത്തും, 23 ന് പത്തനംതിട്ടയിലും 24 ന് കൊല്ലത്തും നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയും മുന്നണി നേതാക്കളും പങ്കെടുക്കും. 30 ന് മുൻപ് എല്ലാ ജില്ല കേന്ദ്രങ്ങളിലും വിശദീകരണ യോഗം സംഘടിപ്പിക്കും.
കോടതി വിധിക്ക് പിന്നാലെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here