ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം ; റിമ കല്ലിങ്കൽ പ്രധാന വേഷത്തിൽ

അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ “ബിരിയാണി ” എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ‘’തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ യുടെ ട്രെയിലർ 2025- ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് മാർഷെ ഡു ഫിലിമിൽ പ്രശസ്ത സംവിധായകൻ സുധീർ മിശ്ര പ്രകാശനം ചെയ്തു.
ഇന്ത്യൻ-ജർമൻ ഫിലിം വീക്ക് ഫെസ്റ്റിവൽ ഡയറക്ടർ സ്റ്റീഫൻ ഓട്ടൻബ്രുക്ക് പ്രകാശന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സംവിധായകൻ ഡോക്ടർ ബിജു ദാമോദരൻ,നടൻ പ്രകാശ് ബാരെ, അഭിനേത്രി ഛായ കദം, ട്രാൻസ് മീഡിയ കൺസൽട്ടന്റ് എം.എൻ. ഗുജർ, കൂടാതെ ഇന്ത്യ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിന്റെ ട്രെയിലറിനു കാൻസിലെത്തിയ അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. മറഞ്ഞുപോകുന്ന ആചാരങ്ങളും, വിശ്വാസവും, ഐതിഹ്യങ്ങളും, യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സന്തോഷ് കോട്ടായി സഹനിർമ്മാതാവാണ്.

താൽപര്യങ്ങൾക്കുമനുസരിച്ച് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലെ ഇല്ലിക്കൽ ദ്വീപിന്റെ പശ്ചാത്തലത്തിൽ, രണ്ടു സ്ത്രീകൾ അനുഭവിക്കുന്ന വേദനക്കും ദുരിതത്തിനും കാരണമായത് ഒരു ശാപമാണെന്നു അവർ ഉറച്ച് വിശ്വസിക്കുകയും, ആധുനിക ലോകത്ത് ഇത്തരം വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുന്ന യഥാർത്ഥ്യവും വിശ്വാസവും ഏതെന്നു തിരിച്ചറിയാൻ സാധിക്കാത്ത ഒരു സമൂഹത്തിന്റെയും കഥയാണ് ഈ ചിത്രത്തിന്റെ ട്രയിലറിലൂടെ അവതരിപ്പിക്കുന്നത്.
ലോക സിനിമയെ ആഘോഷമാക്കിയ ഇത്തരമൊരു വേദിയിൽ മലയാള സിനിമയെ പ്രതിനിധീകരിച്ച് തങ്ങളുടെ ചിത്രം അവതരിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു പറഞ്ഞു.
റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്-അപ്പു എൻ ഭട്ടതിരി,മ്യൂസിക്-സയീദ് അബ്ബാസ്,സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ,
സൗണ്ട് മിക്സിംഗ് ജുബിൻ രാജ്,സൗണ്ട് ഡിസൈൻ-സജിൻ ബാബു, ജുബിൻ രാജു,
ആർട്ട്-സജി ജോസഫ്, കോസ്റ്റ്യുംസ്- ഗായത്രി കിഷോർ,ആക്ഷൻ-അഷറഫ് ഗുരുക്കൾ,
വിഎഫ്എക്സ്-പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് ആന്റ് മേക്കപ്പ്-സേതു ശിവാനന്ദൻ-ആശ് അഷ്റഫ്,ലൈൻ പ്രൊഡ്യൂസർ-സുഭാഷ് ഉണ്ണി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത്ത് സാഗർ,പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് രാജ്,ഡിസൈൻ-പുഷ് 360,സ്റ്റിൽസ്-ജിതേഷ് കടയ്ക്കൽ,മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ-
ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി ആർ ഒ-എ എസ് ദിനേശ്.
Story Highlights :The official trailer for “Theatre: The Myth of Reality” is here
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here