Advertisement

കള്ളപ്രചരണങ്ങൾ പൊളിഞ്ഞു; തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് തകർപ്പൻ ജയം 

October 12, 2018
Google News 1 minute Read

സംസ്ഥാനത്ത‌് പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകർപ്പൻ ജയം. 20 വാർഡുകളിൽ 13 സീറ്റും എൽഡിഎഫ‌് നേടി. അഞ്ച‌് സീറ്റുകൾ യുഡിഎഫിൽ നിന്ന‌് എൽഡിഎഫ‌് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിന‌് 6 വാർഡ‌് ലഭിച്ചു. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാര്‍ഡ്‌ ബിജെപി നേടി.

വിജയിച്ച എല്ലാ സീറ്റുകളിലും എൽഡിഎഫ‌് ഭൂരിപക്ഷം വർധിപ്പിച്ചു. ശബരിമല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുഡിഎഫും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെയും എൽഡിഎഫിനെതിരെയും കള്ള പ്രചാരണങ്ങൾ നടത്തിയെങ്കിലും അതെല്ലാം ജനം തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവ‌് കൂടിയാണ‌് തെരഞ്ഞെടുപ്പു വിജയം.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക‌് നടന്ന 10 ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു മുന്നേറ്റം. ഇക്കുറിയും ഇത‌് ആവർത്തിച്ചു. പത്ത‌് തെരഞ്ഞെടുപ്പുകളിലായി 25 ലധികം സീറ്റുകളാണ‌് എൽഡിഎഫ‌് മറ്റുള്ളവരിൽ നിന്ന‌് പിടിച്ചെടുത്ത‌്.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡി എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി ജയം. നിലവിൽ യുഡിഎഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എം മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ.അനിൽ കുമാറാണ് വിജയിച്ചത്.

തലശേരി നഗരസഭ ആറാം വാർഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. സിപിഐ എം സ്ഥാനാർഥി കെ എൻ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈൽ വാര്‍ഡില്‍ കാഞ്ഞൻ ബാലൻ (സിപിഐ എം ) വിജയിച്ചു.

കണ്ണപുരം പഞ്ചായത്ത് കയറ്റീൽ വാർഡില്‍ പി വി ദാമോദരൻ (സിപിഐ എം ) വിജയിച്ചു.

എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാർഥി ഗീത ശശികുമാര്‍ (സിപിഐ) വിജയിച്ചു.

ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം.

എൽഡിഎഫ് സ്ഥാനാർഥി സിപിഐഎമ്മിലെ ഷേർളി കൃഷ്ണൻ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലം ജില്ലയില്‍ മൂന്നിൽ രണ്ടു സീറ്റും എൽഡിഎഫ‌് വിജയിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാർഡിലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ശശീന്ദ്രൻ പിള്ള വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ്‌ പിടിച്ചെടുക്കുകയായിരുന്നു.

ഇടുക്കിയിൽ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു.

തിരുവനന്തപുരം നന്ദിയോട് മീൻമുട്ടി വാർഡിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ആർ പുഷ്പൻ 106 വോട്ടിന് വിജയിച്ചു.

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം കോണ്‍ഗ്രസ് വാര്‍ഡില്‍ ബിജെപി ജയിച്ചു. കഴിഞ്ഞതവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലൈല നേതൃത്വത്തോട് കലഹിച്ച് രാജിവെച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് ഉണ്ടായത്. എൽഡിഎഫ‌് 387 വോട്ടുകളുമായി രണ്ടാമതെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here