Advertisement

‘എ.എം.എം.എയ്ക്ക് വേണ്ടി വക്കാലത്ത് പറയാന്‍ നിങ്ങള്‍ വരാന്‍ പാടില്ലായിരുന്നു’; കെ.പി.എസി ലളിതയെ വിമര്‍ശിച്ച് ശാരദക്കുട്ടി

October 15, 2018
Google News 1 minute Read

താരസംഘടനയായ എ.എം.എം.എയ്ക്ക് വേണ്ടി വക്കാലത്ത് പറയാന്‍ നടി കെ.പി.എസി ലളിത വരാന്‍ പാടില്ലായിരുന്നു എന്ന് എഴുത്തുക്കാരി ശാരദക്കുട്ടി. സംഘടനയില്‍ നിന്ന് രാജിവച്ച നടിമാരോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറൂ എന്ന് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കെ.പി.എസി ലളിതയെ രൂക്ഷമായ ഭാഷയില്‍ ശാരദക്കുട്ടി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം.

പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവന്റെ കെട്ടകാഴ്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്ന ഒരു കാലത്താണ് കെ.പി.എസി ലളിതയടക്കമുള്ളവര്‍ ജീവിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ഇന്ന് ഉച്ച കഴിഞ്ഞാണ് താരസംഘടനയെ പിന്തുണച്ചും രാജിവച്ച നടിമാരെ തള്ളിപറഞ്ഞും നടന്‍ സിദ്ദിഖും കെ.പി.എസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പത്തൻപതു വർഷം മുൻപ് അടൂർഭാസി യിൽ നിന്നു നേരിട്ട ദുരനുഭവങ്ങൾ പുറത്തു പറയാൻ അന്ന് കെപിഎസി ലളിതക്കു കഴിയാതിരുന്നത് അന്ന് സമൂഹം ഇത്ര മാത്രം സ്ത്രീപക്ഷത്തുനിന്നു ചിന്തിച്ചു തുടങ്ങുകയോ സാമൂഹിക സാഹചര്യങ്ങൾ സ്ത്രീയുടെ പ്രശ്നങ്ങൾ കേൾക്കാൻ സജ്ജമാകുകയോ ചെയ്യാതിരുന്നതിനാലാണ് എന്നാണ് ഇന്നുച്ച വരെയും ഞാൻ വിശ്വസിക്കാനിഷ്ടപ്പെട്ടത്. ദിലീപിനെ ജയിലിൽ നിങ്ങൾ കാണാൻ പോയപ്പോഴും പൊട്ടിക്കരഞ്ഞപ്പോഴും നിങ്ങളുടെ ചില പ്രത്യേക സാഹചര്യങ്ങൾ ഓർത്ത് ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. പാവത്തിന്റെ നിസ്സഹായത എന്നു കാണാൻ ശ്രമിച്ചു.

പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവന്റെ കെട്ട കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെ പി എ സി ലളിത, നിങ്ങൾ ഇന്നു ജീവിക്കുന്നത്.

A.M.M. A ക്കു വേണ്ടി ഇന്നു വക്കാലത്തു പറയാൻ നിങ്ങൾ വരാൻ പാടില്ലായിരുന്നു. മാപ്പു പറഞ്ഞ് അകത്തു കയറൂ എന്ന് പുതിയ കാലത്തിന്റെ കലാകാരികളോട് പറയുവാൻ പാടില്ലായിരുന്നു. അതിനുള്ള വിവേകം ഈ കാലയളവിലെ ഇടതുപക്ഷ ജീവിതവും അഭിനയ ജീവിതവും നിങ്ങൾക്ക് തന്നില്ല എന്നത് നിങ്ങളുടെ പദവിക്ക് അപമാനകരമാണ്

പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ.. അത്ഭുതം തന്നെ. അൻപതു വർഷം മുൻപ് നിങ്ങൾ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? വലിയൊരു പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന നടി ഇന്നെവിടെയെത്തി നിൽക്കുന്നു?

ഇന്നത്തെ പെൺകുട്ടി അങ്ങനെ. നിൽക്കില്ല. നിങ്ങൾ കേട്ടില്ലേ, പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു പറഞ്ഞത്. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാൻ മടിക്കില്ല.

നിങ്ങൾ ചെയ്ത വേഷങ്ങൾ കണ്ട്, ഭാവപ്പകർച്ചകൾ കണ്ട്, അടൂരിനും അരവിന്ദനും ഒപ്പം ഇൻഡ്യ ആദരിക്കുന്ന മലയാളത്തിന്റെ കലാകാരിയെന്നു നിങ്ങളെ ക്കുറിച്ച് അഭിമാനിക്കുന്ന എനിക്ക്, ഇപ്പോഴണിയുന്ന നിങ്ങളുടെ ഈ വേഷം അസഹ്യമാണ്.

എസ്.ശാരദക്കുട്ടി
15.10.2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here