അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ‘നല്ല ഹിന്ദുക്കള്‍’ ആഗ്രഹിക്കില്ല: ശശി തരൂര്‍

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ലെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവന വിവാദത്തില്‍. ചെന്നൈയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് തരൂരിന്റെ വിവാദ പ്രസ്താവന. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട സദസ്സിന്റെ ചോദ്യത്തിന് മറ്റൊരാളുടെ ആരാധനാസ്ഥലം തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ല എന്നായിരുന്നു തരൂരിന്റെ മറുപടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്നും തരൂർ ആരോപിച്ചു. ‘വരും മാസങ്ങളിൽ അശുഭകരമായകാര്യങ്ങൾക്കായി നാം തയാറായിരിക്കണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ മതവികാരം ചൂടുപിടിപ്പിക്കാനും കലാപത്തിനുമൊക്കെ ശ്രമമുണ്ടായേക്കാം’ – ശശി തരൂർ പറഞ്ഞു.
എന്നാൽ, തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ രംഗത്തെത്തി. പൂജ നടക്കുന്ന താൽക്കാലിക ക്ഷേത്രം മാറ്റണമെന്നാണോ തരൂർ ആവശ്യപ്പെടുന്നതെന്നും ഇതുവരെ ആരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here