ലക്നൗവുമായുള്ള മത്സരത്തിന് മുന്നോടിയായ അയോധ്യ ക്ഷേത്ര ദർശനം; അനുഗ്രഹം തേടി ചെന്നൈ താരങ്ങൾ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ തിങ്കളാഴ്ച്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി അയോധ്യയിൽ ക്ഷേത്ര ദർശനം നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ. അയോധ്യയിൽ ക്ഷേത്ര ദർശനത്തിലെത്തുന്ന താരങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.
ഞായറാഴ്ചയാണ് സിഎസ്‌കെ താരങ്ങൾ ആദ്യം ഹനുമാൻ ഗാർഹി ക്ഷേത്രത്തിലും പിന്നീട് രാംലല്ല ക്ഷേത്രത്തിലും എത്തിയത്. പ്രാക്ടീസ് സെഷനായി ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്പാണ് അനുഗ്രഹം തേടി അയോധ്യയിലെത്തിയത്.
ദർശനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മിഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് ഗോപാൽ എന്നിവരുൾപ്പെടെയുള്ള സിഎസ്‌കെ കളിക്കാർ ക്ഷേത്രത്തിൽ അനുഗ്രഹം വാങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേ സമയം താരങ്ങൾ തങ്ങളുടെ ആത്മീയാനുഭവങ്ങൾ പങ്കുവയ്ക്കുക വഴി ടീമിൽ ഐക്യവും ഒരുമയും വളർത്തിയെടുക്കാൻ കഴിഞ്ഞേക്കുമെന്ന മാനേജ്മെൻ്റിൻ്റെ നിഗമനത്തിൽ നിന്നാണ് ക്ഷേത്ര ദർശനത്തിലേക്ക് വഴിയൊരുങ്ങിയത്. തുടർച്ചയായ പരാജയങ്ങളാൽ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയടക്കമുള്ള താരങ്ങൾ തീർത്തും നിരാശരായിരുന്നു.
നാളെ വൈകുന്നേരം 7:30 നാണ് ലക്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലക്‌നൗ സൂപ്പർ ജയൻ്റ്‌സും (എൽഎസ്ജി) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്കെ) തമ്മിലുള്ള മത്സരം. ഋഷഭ് പന്ത് നയിക്കുന്ന എൽഎസ്ജിയോട് എംഎസ് ധോണിയുടെ ചെന്നൈ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. പൊരുതാൻ ഉറച്ച് ഇറങ്ങുന്ന സിഎസ്‌കെയ്‌ക്കെതിരെ വിജയക്കുതിപ്പ് തുടരാനായിരിക്കും ലക്നൗവിൻ്റെ ശ്രമം.
Story Highlights : CSK Players Seek Divine Blessings In Ayodhya Ahead Of LSG Vs CSK Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here