ദിലീപ് സംഘടനയിൽ ഇല്ല; ദിലീപിന്റെ ജോലി ചെയ്യാനുള്ള അവകാശത്തെ തടയാനാകില്ല: ഡബ്ലിയുസിസിക്കെതിരെ സിദ്ദീഖ്

കഴിഞ്ഞ ദിവസം ഡബ്ലിയുസിസി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി നടൻ സിദ്ദീഖ്. ഡബ്ലിയുസിസിയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് സിദ്ദീഖ് പറഞ്ഞു.

ദിലീപ് എന്ന നടനെ പുറത്താക്കണമെന്നാണ് ഡബ്ലിയുസിസിയുടെ പ്രധാന ആവശ്യം. ദിലീപിനെ പുറത്താക്കാൻ സംഘടന തീരുമാനമെടുത്തതായിരുന്നു എന്നാൽ 250 ഓളം പേർ അടങ്ങുന്ന ജനറൽ ബോഡി തീരുമാനത്തെ എതിർത്തതോടെയാണ് ദിലീപിനെ പുറത്താക്കാതിരുന്നത്. ദിലീപിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് പിന്നീട് ഡബ്ലിയുസിസി അംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ തങ്ങൾക്ക് അതിനുള്ള അധികാരമില്ലെന്ന് സിദ്ദീഖ് പറയുന്നു.

എന്നാൽ ഇതിന്റെ പശ്ചാത്തലത്തിൽ ദിലീപ് സ്വമേധയാ രാജിവെക്കുകയായിരുന്നുവെന്നും ദിലീപ് കഴിഞ്ഞ 10 ന് രാജിക്കത്ത് നൽകിയിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ആരുടേയും ജോലി ചെയ്യാനുള്ള അവകാശത്തെ തടയാനാകില്ലെന്നും അതുകൊണ്ട് തന്നെ ദിലീപിനെ ജോലി ചെയ്യുന്നതിൽ നിന്നും തടയാൻ സാധിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു.

മീ ടൂ ക്യാമ്പെയിൻ ദുരുപയോഗം ചെയ്യരുതെന്നും സിദ്ദീഖ് പറഞ്ഞു. രേവതി പറഞ്ഞ വെളിപ്പെടുത്തലുകളെ കുറിച്ചും സിദ്ദീഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത്തരത്തിൽ ഒരു സംഭവം നടന്നപ്പോൾ പെൺകുട്ടിയെ സംരക്ഷിച്ചത് നല്ല കാര്യമാണ് എന്നാൽ അത് ഏത് സംവിധായകന്റെ സിനിമയിൽ, ഏത് നിർമ്മാതാവിന്റെ ചിത്രത്തിൽ ഏത് സിനിമയുടെ സെറ്റിൽ എന്നീ കാര്യങ്ങൾ വെളിപ്പെടുത്തണമെന്നും സിദ്ദീഖ് പറഞ്ഞു.

മോഹൻലാൽ എന്ന വ്യക്തിക്കെതിരെ എന്തിനാണ് ഡബ്ലിയുസിസി തിരിയുന്നതെന്നും, മമ്മൂട്ടിക്കെതിരെ മോശം പരാമർശം നടത്തിയതിന് എത്രയോ പേരുടെ ചീത്ത കേൾക്കേണ്ടി വന്നുവെന്നും സിദ്ദീഖ് ചോദിച്ചു.
ചീത്തവിളി കിട്ടിയത് ഒരു പാഠമായി നടി ഉൾക്കൊള്ളേണ്ടതായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.

മൂന്നോ നാലോ നടിമാർ വിചാരിച്ചാൽ മമ്മൂട്ടിയോ മോഹൻലാലോ പോലുള്ള നടന്മാരുടെ ജനപ്രീതി പറിച്ചെറിയാൻ സാധിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top