സൗദിയിൽ മൂന്ന് മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി

എട്ടു വർഷം മുമ്പ് സൗദി അറേബ്യയിലെ ഖതീഫ് സ്വഫ്‌വയിലെ കൃഷിയിടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികൾക്കും വധശിക്ഷ നടപ്പാക്കി. ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ യൂസുഫ് ബിൻ ജാസിം ബിൻ ഹസൻ അൽമുതവ്വ, അമ്മാർ ബിൻ യുസ്‌രി ബിൻ അലി ആലുദുഹൈം, മുർതസ ബിൻ ഹാശിം ബിൻ മുഹമ്മദ് അൽമൂസവി എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിലാണ് വധശിക്ഷ നടപ്പാക്കിയത്.

കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടിൽ ഷാജഹാൻ അബൂബക്കർ, തിരുവന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽഖാദർ സലീം, കൊല്ലം കണ്ണനല്ലൂർ ശൈഖ് ദാവൂദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി അക്ബർ ഹുസൈൻ ബഷീർ, വില്ലുക്കുറി കൽക്കുളം ഫാതിമ സ്ട്രീറ്റ് ലാസർ എന്നിവരാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തിയ പ്രതികൾ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കൈകാലുകൾ ബന്ധിച്ചും വായ മൂടിക്കെട്ടിയും ക്രൂരമായി മർദിച്ച ശേഷമാണ് വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്. ഇന്ത്യക്കാരുടെ പണവും മൊബൈൽ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്ത പ്രതികൾ മദ്യനിർമാണ കേന്ദ്രം നടത്തുകയും മദ്യം വിതരണം ചെയ്യുകയും മദ്യവും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തെന്ന ആരോപണവും പ്രതികൾ നേരിട്ടു. അഞ്ചു പേരെയും പ്രതികൾ വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടുകയായിരുന്നു .

കേസിൽ അറസ്റ്റിലായ മൂന്നു പ്രതികൾക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് മൂവരെയും ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top