നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ 30,000 രൂപ വിവാഹ ധനസഹായം നല്‍കും

നിയമപരമായി വിവാഹം കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ ധനസഹായം നല്‍കും. ഇതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറിയവര്‍ക്കാണ് നടപ്പ് സാമ്പത്തികവര്‍ഷം ധനസഹായം നല്‍കുക. സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രാധാന്യം നല്‍കി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ധനസഹായം അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായിട്ടുളള പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 2 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സംസ്ഥാനത്ത് വിവാഹിതരായിയിരുന്നു. എന്നാല്‍ ഈ ക്ഷേമ പദ്ധതികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി പൂര്‍ണമായും സ്ത്രീയോ പുരുഷനോ ആയി മാറിയിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായിട്ടുളള വിവാഹ ധനസഹായം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ബോധ്യമായതിനെ തുടര്‍ന്നാണ് ഈ വിഭാഗക്കാര്‍ക്ക് വിവാഹ ധനസഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്.
1. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമായും ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം.
2. വിവാഹശേഷം ആറുമാസത്തിനുശേഷം ഒരു വര്‍ഷത്തിനകവും ധനസഹായത്തിനുള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
3. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
4. അപേക്ഷയോടൊപ്പം നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം.
5. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
6. വിവാഹ ധനസഹായം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുളള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here