‘ശിവലിംഗത്തിന് മുകളില്‍ കയറിയ തേളിനെപ്പോലെയാണ് മോദി’; ശശി തരൂരിന്റെ പരാമര്‍ശം വിവാദത്തില്‍

മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എംപി ശശി തരൂര്‍. മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണെന്നും കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പ് കൊണ്ട് കൊല്ലാനും പറ്റില്ല എന്ന അവസ്ഥയാണെന്നും ശശി തരൂര്‍ പ്രസംഗത്തിനിടെ പറഞ്ഞു. തന്നോട് ഒരു ആര്‍എസ്എസ് നേതാവ് മോദിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. തന്‍റെ സുഹൃത്തായ ഒരു മാധ്യമപ്രവർ‍ത്തകനോടാണ് മുതിർന്ന ആർഎസ്എസ് നേതാവ് ഈ പരാമർശം നടത്തിയതെന്നും തരൂർ പറഞ്ഞു.

ബംഗലുരു ലിറ്ററേച്ചൽ ഫെസ്റ്റിവലിന്‍റെ ഏഴാം പതിപ്പിന്‍റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്‍റെ പരാമർശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂർ എഴുതിയ ‘പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ’ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച. വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളിൽ പലപ്പോഴും ആർഎസ്എസ് അതൃപ്തരായിരുന്നെന്ന് തരൂർ പറഞ്ഞു.

എന്നാൽ രൂക്ഷമായ ഭാഷയിലാണ് തരൂരിന്‍റെ പ്രസ്താവനയെ ബിജെപി അപലപിച്ചത്. ശിവഭക്തനെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തരൂരിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശിവനെ അപമാനിയ്ക്കുന്ന പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പുപറയണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top