Advertisement

തരൂരിനായി വലവിരിച്ച് സി പി എം സെമിനാറിലേക്ക് ക്ഷണിച്ച് ഡി വൈ എഫ് ഐ

February 19, 2025
Google News 2 minutes Read
SHASHI THAROOR

കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന വിശ്വപൗരനെ മറുകണ്ടം ചാടിക്കാനുള്ള കര്‍മ്മ പദ്ധതിയുമായി സി പി എം നീക്കങ്ങള്‍ ആരംഭിച്ചു. അടുത്ത മാസം തിരുവന്തപുരത്ത് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ മുഖ്യാതിഥിയായി ശശി തരൂരിനെ പങ്കെടുപ്പിക്കാനാണ് നീക്കം. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹിം ഡല്‍ഹിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് ശശി തരൂരിനെ ക്ഷണിച്ചത്. ഇന്നലെ തരൂര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലേയാണ് റഹിമിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. [Shashi Tharoor]

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെക്കുറിച്ചാണ് താന്‍ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം.
കോണ്‍ഗ്രസില്‍ വിമത ശബ്ദം ഉയര്‍ത്തിയിരിക്കുന്ന തരൂരിനെ സി പി എം പാളയത്തിലേക്ക് എത്തിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഡി വൈ എഫ് ഐ തിടുക്കപ്പെട്ട് ഇത്തരമൊരു സെമിനാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ കാരണം. സി പി എം നേതാക്കള്‍ തുടര്‍ച്ചയായി തരൂര്‍ സ്തുതി നടത്തുന്നതും രാഷ്ട്രീയ ലക്ഷ്യം വച്ചുതന്നെയാണ്. പ്രൊഫ. കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടിച്ചതിനെക്കാള്‍ വലിയ രാഷ്ട്രീയ നേട്ടം തരൂരിനെ പുറത്തുചാടിച്ചാല്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സി പി എം. ലോകം അറിയുന്ന, അംഗീകരിക്കുന്ന ഡിപ്ലോമാറ്റുകൂടിയ ശശി തരൂര്‍ കേരളത്തിലെ വ്യവസായ വികസനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതോടെ യുവാക്കളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സി പി എം നേതൃത്വം. സി പി എമ്മുമായി രാഷ്ട്രീയമായ ഏറ്റുമുട്ടലിന് ഇല്ലെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം പെരിയ ഇരട്ടക്കൊലയുമായി തരൂര്‍ തന്റെ പോസ്റ്റ് പിന്‍വലിച്ച സംഭവത്തെ വിലയിരുത്തുന്നത്. സിപി എം നരഭോജികള്‍ എന്ന പ്രയോഗമുള്ള പോസ്റ്റ് പിന്‍വലിച്ചത് സി പി എമ്മിന്റെ ഉന്നത ഇടപെടല്‍ മൂലമാണെന്നാണ് അന്തപ്പുര സംസാരം.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തുടര്‍ച്ചയായി അവഗണിക്കുന്നുവെന്ന പരാതി തരൂരിന് കുറച്ചുകാലമായുണ്ട്. കഴിഞ്ഞ വര്‍ഷം തരൂര്‍ സംസ്ഥാനത്ത് നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങളില്‍ കെ പി സി സി നേതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും മലപ്പുറം, കോട്ടയം ഡി സി സി അധ്യക്ഷന്മാര്‍ എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ വേരുറപ്പിക്കാനുള്ള നീക്കം നടത്തുന്നതില്‍ പ്രതിപക്ഷ നേതാവിനടക്കം വിയോജിപ്പുണ്ടായിരുന്നു.

Read Also: ‘മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നു’; ബെന്യാമിൻ

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശബ്ദമാവുകയെന്നതായിരുന്നു ശശി തരൂര്‍ ലക്ഷ്യമിട്ട ആദ്യ രാഷ്ട്രീയനീക്കം. എന്നാല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശശി തരൂരിനെ പരിഗണക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല തരൂര്‍ ശൈലിയെ പൂര്‍ണമായും എതിര്‍ക്കുവാനും തീരുമാനിച്ചു. ഇതോടെ തരൂരിന്റെ സാധ്യതകള്‍ മങ്ങി.

കോണ്‍ഗ്രസിലെ ജി 23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു ശശി തരൂര്‍. ജി 23 യിലെ നേതാക്കളില്‍ തലമുതിര്‍ന്ന നേതാക്കളായ ഗുലാബ് നബി ആസാദും കപില്‍ സിബലും പാര്‍ട്ടി വിട്ടപ്പോഴും നേതൃത്വം മൗനം പാലിച്ചു. ജി 23 ഗ്രൂപ്പു നേതാക്കളുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കമാന്റ് നിര്‍ബന്ധിതരായത്.

മുന്‍ കേന്ദ്രമന്ത്രിയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായിരുന്ന പ്രൊഫ. കെ വി തോമസ് പാര്‍ട്ടിയുമായി അകന്നപ്പോഴും സി പി എം അനുകൂല നിലപാട് സ്വീകരിച്ചപ്പോഴും ഹൈക്കമാന്റ് ഒരു ചര്‍ച്ചയ്ക്കുപോലും തയ്യാറായിരുന്നില്ല. രാഹുല്‍ ഗാന്ധിയുമായി ഒരു കൂടിക്കാഴ്ചപോലും സാധ്യമല്ലെന്നായിരുന്നു പ്രൊഫ. കെ വി തോമസിന്റെ ആരോപണം. ജി 23 ഗ്രൂപ്പ് നേതാക്കളുടെ പ്രധാന ആരോപണം രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലായെന്നായിരുന്നു.

ശശി തരൂര്‍ വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മാത്രമാണ് ആത്മാര്‍ത്ഥമായി ഇടപെടല്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് തരൂര്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ പ്രതികരണം. ഇന്നലെ രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടതായുള്ള സൂചനകളല്ല പുറത്തുവരുന്നത്.

Read Also: ഡിവൈഎഫ്ഐ സ്റ്റാ‍‍ർട്ടപ്പ് ഫെസ്റ്റിവലിൽ ശശി തരൂരിന് ക്ഷണം

ഇതിനിടയിലാണ് ഡി വൈ എഫ് ഐ തിരുവനന്തപുരത്ത് അടുത്തമാസം സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സെമിനാറിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ എത്തിയാണ് ഡി വൈ എഫ് ഐ നേതാക്കള്‍ തരൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്നും ശ്രദ്ധേയം. തനിക്ക് എത്താനാവില്ലെന്നും എല്ലാവിധ ആശംസകളും നേരുന്നതായും തരൂര്‍ ഡി വൈ എഫ് ഐ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ഏപ്രിലില്‍ നടക്കുന്ന സി പി എം 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്കും ശശി തരൂരിനെ ക്ഷണിക്കാനുള്ള നീക്കം സി പി എം ആരംഭിച്ചിട്ടുണ്ട്. ശശി തരൂര്‍ വിഷയത്തില്‍ സി പി എം വ്യക്തമായ നീക്കമാണ് നടത്തുന്നത്.

കേരളത്തിലെ വ്യവസായ വികസനത്തെ പുകഴ്ത്തി ലേഖനമെഴുതിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ സി പി എം നേതാക്കളും മന്ത്രിമാരും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. താന്‍ കേരളത്തിലെ വ്യവസായ വളര്‍ച്ചയെക്കുറിച്ചല്ല സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചാണ് ലേഖനത്തില്‍ പറയുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം. ഇതിനു പിന്നാലേയാണ് തരൂരിനെ ലക്ഷ്യമിട്ട് ഡി വൈ എഫ് ഐ നീക്കം നടത്തിയത്.

Story Highlights : DYFI invites Shashi Tharoor to startup festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here