‘താണ്ഡവമാടി രോഹിത്, കൂട്ടിന് റായിഡുവും’; മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ind vs west

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് നേടി.

ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 137 പന്തുകള്‍ മാത്രം നേരിട്ട് 162 റണ്‍സ് നേടിയ രോഹിത് ഏകദിന കരിയറിലെ 21-ാം സെഞ്ച്വറിയാണ് മുംബൈയില്‍ സ്വന്തമാക്കിയത്. നാല് സിക്‌സറുകളും 20 ഫോറുകളും അടങ്ങിയതായിരുന്നു രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സ്. സെഞ്ച്വറി നേടിയ ശേഷം രോഹിത് അതിവേഗം റണ്‍റേറ്റ് ഉയര്‍ത്തി.

ശര്‍മയ്ക്ക് പിന്തുണ നല്‍കിയ അമ്പാട്ടി റായിഡുവും സെഞ്ച്വറി നേടി. 211 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും സമ്മാനിച്ചത്. നാല് സിക്‌സറും എട്ട് ഫോറും അടക്കം 81 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയാണ് റായിഡു പുറത്തായത്. ഏകദിന കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് റായിഡു മുംബൈയില്‍ സ്വന്തമാക്കിയത്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (38), നായകന്‍ വിരാട് കോഹ്‌ലി (16), എം.എസ് ധോണി (23) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആഷ്‌ലി നഴ്‌സും കീമോ പോളും ഓരോ വിക്കറ്റുകള്‍ വീതം നേടി. നേരത്തെ, ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top