സാലറി ചലഞ്ചില്‍ തിരിച്ചടി; സുപ്രീം കോടതി വിധി അനുസരിച്ച് ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി

thomas issax

സാലറി ചലഞ്ചില്‍ സുപ്രീം കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ സര്‍ക്കാര്‍ ഈ മാസം ശമ്പളം ഈടാക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കും. കോടതി വിധി അനുസരിച്ച് ഉത്തരവ് ഭേദഗതി ചെയ്യുമെന്നും കോടതി വിധി പൂര്‍ണമായും അറിഞ്ഞ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മത പത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന് എതിരെയാണ് ഹൈക്കോടതി വിധി. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്. വിസമ്മതപത്രം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എന്‍ജിഒ അസോസിയേഷനാണ്‌ ആദ്യം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top