അയ്യപ്പഭക്തര്‍ക്കായി കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം

ശബരിമല-മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത 5 അന്തര്‍ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ദേവസ്വം കമ്മീഷണര്‍മാരുടെയും യോഗത്തില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും അതിന്‍മേലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും:

1.ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം ശബരിമല സന്നിധാനത്തോ അല്ലെങ്കില്‍ പമ്പയിലോ സ്ഥാപിക്കണമെന്ന് തമി‍ഴ്നാട് ,കര്‍ണ്ണാടക പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഈ കേന്ദ്രത്തില്‍ ദേവസ്വം, ആരോഗ്യം, പോലീസ്, ഗതാഗതം തുടങ്ങി എല്ലാവിഭാഗങ്ങളിലെയും ഒരോ ഉദ്യോഗസ്ഥന്‍റെ വീതം സാന്നിധ്യം വേണം. കൂടാതെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള ഏകീകൃത കണ്‍ട്രോള്‍ റൂമിന്‍റെ ചുമതല വഹിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഈ കേന്ദ്രത്തില്‍ എല്ലാ ഭാഷകളിലും ഭക്തര്‍ക്കായി വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു.

2.ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഭക്തര്‍ക്ക് അറിയാനായി ഒരു ടോള്‍ഫ്രീ നമ്പര്‍ നടപ്പിലാക്കണം.

3.ശബരിമലയിലേക്കുള്ള പാതകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിക്കണം.

4.ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് നല്‍കുന്ന കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസിലെ ചാര്‍ജ്ജ് കൂടുതലാണെന്നും അത് കുറക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

5.നിലയ്ക്കല്‍-പമ്പ ബസ്സ് സര്‍വ്വീസ് 20 മിനിട്ട് യാത്രാദൈര്‍ഘ്യമുള്ളതിനാല്‍ ബസ്സിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കുക.

6.സെക്യൂരിറ്റി സംവിധാനം, പ്ലാസ്റ്റിക് നിരോധനം, ആചാരനുഷ്ടാനങ്ങള്‍ എന്നിവ സംബന്ധിച്ച് എല്ലായിടങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.

7.ആഹാരപദാര്‍ത്ഥങ്ങളുടെ ക്വാളിറ്റി, ദിനംതോറുമുള്ള പരിശോധനയിലൂടെ ഉറപ്പാക്കുക.

8.ശബരിമല സീസണില്‍ ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുക.

9.കാനന പാതയിലൂടെയുള്ള മലകയറ്റം സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുക.

10.ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആന്ധ്ര, കര്‍ണ്ണാടക, തമി‍ഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നത് യോഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. ആന്ധ്ര,തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന ഭക്തരില്‍ നല്ലൊരു ശതമാനവും ഗ്രാമങ്ങളില്‍ നിന്നാണെന്നും ഇവരുടെ കൈക‍ളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മൊബൈല്‍
ഫോണുകള്‍ ഉണ്ടാവില്ലെന്നും ഉദ്ദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാം ഗൗരവത്തോടെയും പരിഗണിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം സെക്രട്ടറി ജ്യോതിലാലും വ്യക്തമാക്കി. ശബരിമലയില്‍ ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തമാക്കും. ഇതിനായി കൂടുതല്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.ഇരുമുടി കെട്ടിലും പ്ലാസ്റ്റിക് വസ്തുക്കള്‍ ഒ‍ഴിവാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് രഹിത ശബരിമല എന്ന സന്ദേശം എല്ലാ ഭക്തരിലും എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഈ സീസണില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാസൗകര്യങ്ങളും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായി തന്നെ ഭക്തര്‍ക്ക് തീര്‍ത്ഥാടനം നടത്തി മടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. 

സുനില്‍ അരുമാനൂര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top