‘അതിജീവിച്ച് കരുത്താര്‍ന്ന ജനത എന്നായിരിക്കും ഭാവിചരിത്രം മലയാളിയെ രേഖപ്പെടുത്തുക’: മന്ത്രി തോമസ് ഐസക്

Thomas Issac FM

പ്രളയത്തെ അതിജീവിച്ച് മുന്നേറിയ സമൂഹത്തിന്റെ ഒരുമയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാന പ്രതിപക്ഷവും നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയ സമയത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്നതായിരുന്നു കേരളത്തിന്റെ ഒരുമയും സഹകരണവും. ശബരിമല വിവാദത്തെ തുടര്‍ന്ന് ആ ഒരുമ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. ശബരിമല വിധിയെ അവസരമാക്കി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഒരുമയെ തകര്‍ക്കാന്‍ കേന്ദ്ര ഭരണകക്ഷിയും സംസ്ഥാന പ്രതിപക്ഷവും ഒന്നിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ തോമസ് ഐസക് ഈ വെല്ലുവിളിക്ക് കീഴടങ്ങാന്‍ അഭിമാനബോധമുള്ള ഒരു മലയാളിക്കും കഴിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ചു കരുത്താര്‍ന്ന ജനത എന്നായിരിക്കും ഭാവിചരിത്രം മലയാളിയെ രേഖപ്പെടുത്തുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞെരുക്കിക്കൊല്ലാൻ കേന്ദ്രം അതിജീവിക്കാൻ കേരളം
=========================================

ഈ ദുഷ്ടരാഷ്ട്രീയത്തിന് നാം കീഴ്പ്പെടുകയില്ല. തലകുനിക്കാതെ നിവർന്നുനിന്നുതന്നെ കേരളം അതിജീവിക്കും. ക്രൗഡ് ഫണ്ടിങ‌് പോർട്ടൽ വഴി പരമാവധി സഹായം സമാഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നുണ്ട്. പുനർനിർമാണത്തിന് സഹായിക്കാൻ കഴിയുന്ന ഒരാളെയെങ്കിലും കണ്ടെത്താൻ ഓരോരുത്തരും മുൻകൈയെടുക്കണം. ഓരോ പഞ്ചായത്തിലെയും പുനർനിർമാണത്തിന്റെ ചുമതല ആ പഞ്ചായത്തിലെ പ്രവാസികൾക്ക് ഏറ്റെടുക്കാം. ഇന്ത്യക്കുള്ളിലും പുറത്തും നല്ല സാമ്പത്തികനില കൈവരിച്ച പ്രദേശവാസികളുടെ കൂട്ടായ‌്മകൾക്ക‌് തങ്ങളുടെ പ്രദേശത്തെ വീടുകളോ സ്ഥാപനങ്ങളോ പുനർനിർമിക്കാൻ കൈകോർക്കാം. പഞ്ചായത്തുതോറും ഇത്തരം കൂട്ടായ‌്മകൾ ശക്തിപ്പെടുത്താനാണ് സർക്കാർ മുൻകൈയെടുക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളും ആലോചിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കിക്കൊണ്ടുതന്നെയായിരിക്കും പുനർനിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. സംയോജിത ജലവിഭവ മാനേജ്മെന്റ‌്, പ്രകൃതിസൗഹൃദമായ ഭൂവിനിയോഗം, എല്ലാവരെയും ഉൾക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതന സാങ്കേതികവിദ്യ എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും പുതിയ കേരളത്തിന്റെ നിർമാണമെന്ന് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ ദൃശ്യമായ ഒരുമ കൂടുതൽ ദൃഢതരമാകുകയാണ്. ആ ഒരുമ ഒരു തുടക്കമായിരുന്നു. അതു നാം നിലനിർത്തി. ഇപ്പോൾ ഒരുമയെ തകർക്കുകയാണ് നടപ്പുവിവാദങ്ങളുടെ ഉദ്ദേശ്യം. ശബരിമലവിധിയെ അവസരമാക്കി നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. പ്രളയകാലത്ത് രൂപപ്പെട്ട അന്യാദൃശമായ ഒരുമ തകർക്കാൻ ഛിദ്രശക്തികൾ കൈകോർക്കുന്നു. ലോകം അസൂയപ്പെട്ട കേരളീയരുടെ ഒരുമ തകർക്കാൻ കേന്ദ്ര ഭരണകക്ഷിയും സംസ്ഥാന പ്രതിപക്ഷവും ഒരുമിക്കുന്നു. വിചിത്രമായ കാഴ്ചയാണിത്. എന്നാൽ, ഈ വെല്ലുവിളിക്കു കീഴടങ്ങാൻ അഭിമാനബോധമുള്ള ഒരു മലയാളിക്കും കഴിയില്ല.

കേന്ദ്ര ഭരണസംവിധാനം കൈയാളുന്നവർ ഞെക്കിക്കൊല്ലാൻ ആവുംവിധം ശ്രമിച്ചിട്ടും അതിജീവിച്ചു കരുത്താർന്ന ജനത എന്നായിരിക്കും ഭാവിചരിത്രം മലയാളിയെ രേഖപ്പെടുത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top