ശിവദാസന്റെ മരണകാരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട പന്തളം സ്വദേശി ശിവദാസന്റെ മരണകാരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. ഇതാണ് മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന നിഗമനത്തിലെത്താന്‍ കാരണം. വിഷം ഉള്ളില്‍ ചെന്നിട്ടില്ല. തുടയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇതിലൂടെയുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് സൂചന. ആന്തരികാവയവങ്ങള്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ഉയരത്തില്‍ നിന്ന് വീണോ അപകടത്തിലോ തുടയെല്ല് പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ശബരിമല ദര്‍ശനത്തിന് പോയ ശിവദാസന്‍ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ശബരിമല ദര്‍ശനത്തിനുശേഷം 19-ാം തിയതി ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായും പോലീസ് വ്യക്തമാക്കിയിരുന്നു. ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് സംഘപരിവാര്‍ അനുകൂലികള്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സംഘപരിവാര്‍ നടത്തുന്നത് വ്യാജപ്രചരണമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here