ലൈംഗിക തൊഴിലാളികൾക്കും ലൈംഗിക ബന്ധം എതിർക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി

ലൈംഗിക തൊഴിലാളികൾക്ക് ലൈംഗിക ബന്ധം എതിർക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. 1997ൽ ഡൽഹിയിൽ ലൈംഗിക തൊഴിലാളിയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയായ സ്ത്രീയുടെ ഭാഗം കേൾക്കുന്നതിൽ ഹൈക്കോടതിയ്ക്ക് വീഴ്ച പറ്റിയെന്നും മോശം സ്വഭാവത്തിന് ഉടമയാണ് സ്ത്രീയെന്ന് വരുത്തി തീർത്തത് വഴി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നുവെന്നും ബഞ്ച് നിരീക്ഷിച്ചു.
പ്രതികളെ വെറുതെ വിട്ട ഡൽഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. 2009 ലാണ് ഡൽഹി ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികളായ നാല് പേർക്കും 10 വർഷം തടവു ശിക്ഷ വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പ്രതികളോട് നാലാഴ്ച്ചയ്ക്കുള്ളിൽ ഹാജരാകാനും അവശേഷിക്കുന്ന ശിക്ഷാ കാലാവധി പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here