‘ബ്രാഹ്മണരുടെ മറവില്‍ നിന്ന് ക്ഷേത്രങ്ങള്‍ കൈക്കലാക്കിയത് ഇവരാണ്’; എന്‍.എസ്.എസിനെതിരെ ലക്ഷ്മി രാജീവ്

ശബരിമലയെ കലാപഭൂമിയാക്കാന്‍ എന്‍.എസ്.എസ് നേരിട്ടിറങ്ങിയിരിക്കുകയാണെന്ന വിമര്‍ശനവുമായി ക്ഷേത്ര ചരിത്ര ഗ്രന്ഥകാരി ലക്ഷ്മി രാജീവ് രംഗത്ത്. ബ്രാഹ്മണരുടെ മറവില്‍ നിന്ന് ക്ഷേത്രങ്ങള്‍ കൈക്കലാക്കിയത് നായര്‍ സമുദായമാണെന്ന് ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ, ദേവസ്വം ബോർഡ് ഇന്നും ഭരിക്കുന്നത് നായർ സമുദായമാണ്. ഏറ്റവുമധികം ദളിത്, ആദിവാസി ക്ഷേത്രങ്ങൾ കൈയേറിയതും അവിടെ ബ്രാഹ്മണരെ കൊണ്ട് വന്നു തന്ത്രം ഏൽപ്പിച്ച് അവരുടെ മറവിൽ നിന്ന് കൊണ്ട് ക്ഷേത്രങ്ങൾ കൈക്കലാക്കിയതും ഇവരാണ്. ബ്രാഹ്മണർക്കു സ്വന്തമായി ക്ഷേത്രങ്ങൾ തീരെ കുറവാണ്. ഒരു മണ്ണാറ ശാലയോ ചക്കുളത്തു കാവോ മറ്റോ കാണും- അവർ ഒരിടത്തും വന്നു ഒന്നും സ്വമേധയാ കൈയേറിവരല്ല. എന്റെ അറിവിൽ ഒരു ആഭാസനായ അധികാര മോഹിയായ പൂജാരിയുമില്ല. ക്ഷേത്രങ്ങൾ എന്നാൽ കേരളത്തിൽ ഏറ്റവും വരുമാനമുള്ള സ്ഥാപനങ്ങൾ കൂടിയാണ്. അതിൽ ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ ക്ഷേത്രമാണ് ശബരിമല. വിട്ടു കളയാൻ നല്ല ദണ്ണം ഉണ്ടാകും. അതിനു വേണ്ടി മാത്രമാണ് ഇന്ന് ശ്രീ സുകുമാരൻ നായർ സ്ത്രീകളെ ഉപയോഗിച്ച് നാമജപം നടത്തുന്നത്. ഇന്നലെ പറഞ്ഞപോലെ പാവപ്പെട്ട നിരവധി നായർ സ്ത്രീകൾ കണ്ടവരുടെ വീട്ടിൽ എച്ചിലെടുത്തും, ആശുപത്രിയിൽ കക്കൂസ് കഴുകിയും അമ്പലങ്ങൾ തൂത്തു വെടിപ്പാക്കി അവിടെയുള്ള ട്രസ്റ്റികളുടെ ലൈംഗിക ചൂഷണത്തിന് വിധേയരായി കഴിയുകയും ചെയ്യുന്നുണ്ട്.അവരെയൊന്നും NSSനും വേണ്ട ഒരു നാമ ജപക്കാർക്കും വേണ്ട. കേരളം കലാപ ഭൂമിയാക്കാൻ നിങ്ങൾ നേരിട്ടിറങ്ങുമ്പോൾ ജനങ്ങൾ തിരിച്ചറിയും ശബരിമല വിവാദം നിങ്ങളുടെ മാത്രം സ്വാർത്ഥതയുടെ ഫലമാണെന്ന്. സംഘ്പരിവാറുകാരും ബിജെപിയും കോൺഗ്രസും ഒക്കെ നിങ്ങള്ക്ക് വേണ്ടി ഇഷ്ടമില്ലാത്ത തല്ലിന് ഇറങ്ങിയതാണെന്നു അവർക്കു തന്നെ ബോധ്യം വന്നിട്ടുണ്ട്.ബ്രാഹ്മണരെ മുന്നിൽ നിറുത്തി നിങ്ങൾ തീയിട്ടു നശിപ്പിച്ച സകല ദൈവങ്ങളുടെയും ശാപം പേറുന്ന ഒന്നാണ് നിങ്ങളുടെ സംഘട ഇന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here