പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍; 30മണിക്കൂര്‍ സമരത്തിനായി തയ്യാറെടുക്കാന്‍ ആഹ്വാനം

ചിത്തിര ആട്ട വിശേഷപൂജയ്ക്കായി ശബരിമല നടതുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ ഈശ്വറിന്റെ സമരാഹ്വാനം. ശബരിമലയില്‍ മുപ്പത് മണിക്കൂർ കൂടി കോടതി വിധിയെ പ്രതിരോധിക്കാനും സമരം ചെയ്യാനും വിശ്വാസികൾ മുന്നോട്ട് വരണമെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ഈ സമയം കൂടി മറികടക്കാനായാൽ 13 ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാനാകുമെന്നാണ് പ്രതീക്ഷ.  വീണ്ടും ശബരിമല സന്നിധാനത്തേക്ക് എത്താനുള്ള വഴിയെത്തി. പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്. നമ്മളും നല്ല തയ്യാറെടുപ്പിലാണ്. തുടങ്ങിയവ കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്.   സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എ ഡി ജി പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും.

പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്റോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top