ശബരിമല; ചതിക്കുഴി ഒരുക്കി ബിജെപി കാത്ത് നിന്നത് പന്ത്രണ്ട് വര്‍ഷങ്ങള്‍; സത്യം ആദ്യം പുറത്ത് വിട്ടത് ട്വന്റിഫോര്‍

sabarimala

‘ശബരിമല നമുക്ക് സുവര്‍ണ്ണാവസരമാണ്, നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണു, കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്’ സംസ്ഥാനത്ത്  കലാപം ഉണ്ടാക്കാന്‍ തക്കം പാര്‍ത്ത് നിന്ന ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്റെ വാക്കുകള്‍ കേട്ട് കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്, മറ്റാരുടേയും അല്ല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ അനൗദ്യോഗിക പ്രസംഗത്തിലാണ് ശബരിമല സുവര്‍ണ്ണാവസരമായി കണ്ട് കരു നീക്കങ്ങള്‍ നടത്താന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കുന്നത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹര്‍ജി സമർപ്പിച്ചതിന് പിന്നിൽ സംഘ്പരിവാർ അനുകൂലികളാണെന്ന 24 ന്യൂസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ, യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ കേരളത്തിൽ നടക്കുന്ന സമരങ്ങൾക്ക് പിന്നിലും ബിജെപി-സംഘ് പരിവാർ ശക്തികളാണെന്ന് വെളിപ്പെടുന്നു.

sreedharan pillai bjp
കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ കേട്ടാല്‍ കൃത്യമായും മനസിലാകും, ശബരിമലവിഷയത്തില്‍  ഇവര്‍ നടത്തിയ ഹോം വര്‍ക്കിന്റെ ആഴം. എന്നാല്‍ ഈ ഓഡിയോ ഒരിക്കലും പുറത്ത് വരുമെന്നോ ബൂമറാംഗ് പോലെ തിരിഞ്ഞിടിയ്ക്കുമെന്നോ ആരും കരുതിയില്ല. ഇതാണ് ഈ നെറികെട്ട അണിയറ നാടകത്തിന് ട്വിസ്റ്റുണ്ടാക്കിയതും. ഒരു നാടിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഈ നേതാക്കള്‍ നല്‍കിയ വില എന്താണ്? ഇങ്ങനെയാണോ കേരളത്തെ വഴികാട്ടാന്‍ ബിജെപി ഒരുങ്ങിയത്. വഴികാട്ടാനാണോ എന്നന്നേക്കുമായി വഴിമുട്ടിക്കാനായിരുന്നോ ഈ കുടിലതന്ത്രം.
sabarimala
നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നുമാമ്  ശ്രീധരന്‍പിള്ളയുടെ ഗീര്‍വാണം. ശബരിമല വിഷയം ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണെന്നും ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖയില്‍ ഉണ്ട്. എങ്ങനെയാണ് ഭക്തരുടെ പക്ഷത്താണെന്ന് ഊറ്റം കൊണ്ട് ഈ അവസരം മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചത്? ശരണം വിളികളുമായി എത്തുന്ന മാളികപ്പുറങ്ങളുടെ വരെ ഇരുമുടിക്കെട്ട് തപ്പുന്നവര്‍ ഭക്തരല്ലെന്ന് കേരളം തിരിച്ചറിഞ്ഞതാണ്. വിഷം തുപ്പുന്ന പ്രസംഗങ്ങളും, ആഹ്വാനങ്ങളും, ഫോട്ടോഷോപ്പ് തെളിവുകളും തിരിഞ്ഞ് കൊത്തിയത് പോലെയാകില്ല ഈ ഓഡിയോ ക്ലിപ്പ് ഉണ്ടാക്കുന്ന ഫലം.  ഭക്തരുടെ വേഷത്തില്‍ കാവിപടയാളികളെ പറഞ്ഞയച്ചാണോ സംസ്ഥാനത്തെ സംബന്ധിക്കുന്ന ഒരു വിഷയത്തില്‍ ബിജെപി ഇടപെടേണ്ടിയിരുന്നത്?

ശബരിമല; ബിജെപി ബന്ധം പുറത്ത് വിട്ടത് ട്വന്റിഫോര്‍
ശബരിമല വിഷയം മുന്‍ നിര്‍ത്തി കളിച്ചത് ആര്‍എസ്എസും ബിജെപിയുമാണെന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് ട്വന്റിഫോറാണ്. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് 2006 ജൂലൈ 28 നാണ് സുപ്രീം കോടതിയിൽ ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള ഹർജി സമർപ്പിയ്ക്കപ്പെടുന്നത്. ഇടത് അഭിഭാഷക സംഘടനയിലെ കമ്യൂണിസ്റ്റുകാരായ അഞ്ച് യുവതികളാണ് ഹർജി സമർപ്പിച്ചതെന്നാണ് അന്നുമുതൽ കേരളം കേൾക്കുന്നത്. എന്നാൽ എറ്റവും അടിസ്ഥാനമായ ഈ പ്രചരണം തന്നെ തെറ്റാണെന്നും ഹർജി നൽകിയ അഞ്ച് വനിത അഭിഭാഷകരും പാരമ്പരാഗതമായി ആർ.എസ്.എസ് ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ നേത്യത്വവുമായി വളരെ അടുപ്പം ഉള്ള കുടുംബങ്ങളിലെ അംഗങ്ങളാണെന്നും ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.

ശബരിമല; ഹര്‍ജിയ്ക്കും അനുബന്ധ സംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍? ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ് 

എന്നാല്‍ ഈ വാര്‍ത്തയെ നിഷേധിച്ച് കൊണ്ട് പലരും രംഗത്ത് എത്തി. എന്നാല്‍  പ്രേരണകുമാരി ആര്‍എസ്എസ് ഓഫീസില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ട്വന്റിഫോര്‍ വീണ്ടും വാര്‍ത്ത നല്‍കി.

കഴിഞ്ഞ മകരസംക്രാന്തി ദിനത്തില്‍ പ്രേരണകുമാരി എവിടെയായിരുന്നു?

ഇതെല്ലാം ശരി വയ്ക്കന്നതാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകളും. ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്നും ശ്രീധരന്‍ പിള്ള പറയുന്നു. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ വെളിപ്പെടുത്തി.

ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ.

പ്രക്ഷോഭം ബിജെപിയുടെ അജണ്ട. ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവർണാവസരമാണ്.  1967ലെ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിന്‍റെ അജണ്ട നിശ്ചയിച്ചത് അന്ന് ചെറിയ ശക്തി മാത്രമായിരുന്ന ജനസംഘമായിരുന്നു. അത് പോലുള്ള അവസരം എപ്പോഴും കിട്ടില്ല. സമാനമായ അവസരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.  ശബരിമല ഒരു സമസ്യയാണ്.  നമ്മൾ ഒരു അജണ്ട മുന്നോട്ട് വെച്ചു. അതിൽ ഓരോരത്തരായി വീണു.  ഒടുവിൽ ബിജെപിയും എതിരാളികളായ ഭരണകക്ഷി പാർട്ടികളും മാത്രമേ ബാക്കിയാവുകയുള്ളു. കഴിഞ്ഞ മാസം പതിനേഴ് മുതൽ 22 വരെ നടന്ന സമരം ഏതാണ്ട് പൂർണ്ണമായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ബിജെപിയാണ്.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാർ നിർദേശിക്കപ്പെട്ടതനുസരിച്ച് പമ്പയിലും നിലക്കലും സന്നിധാനത്തുമെല്ലാം നിലയുറപ്പിച്ച് അജണ്ടകൾ നടപ്പിലാക്കി.  ദർശനത്തിനെത്തയ യുതികളെ തടഞ്ഞത് യുവമോർച്ച പ്രവർത്തകർ. നടയടക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്നോട് സംസാരിച്ചതിന് ശേഷം ശബരിമല തന്ത്രിക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം ബിജെപിയെയും അതിന്‍റെ സംസ്ഥാന അധ്യക്ഷനെയും സ്ത്രീകളെയും കൊണ്ട് സന്നിധാനത്തിലെത്തിയ അവസരത്തിൽ തന്ത്രി കണ്ഠരര് മോഹനര് നേരിട്ട് വിളിച്ചു അദ്ദേഹം അസ്വസ്ഥനായിരുന്നു. നടയടച്ചാൽ കോടതിയലക്ഷ്യമാകുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പേടി. പോലീസുകാർ അദ്ദേഹത്തെ അത്തരത്തിൽ ഭയപ്പെടുത്തി. തിരുമേനി ഒറ്റക്കല്ല. കോടതിയലക്ഷ്യക്കേസ് നിൽക്കില്ലെന്നും പതിനായിരങ്ങൾ ഉണ്ടാകും ഒപ്പം എന്ന് ഉറപ്പ് നൽകി. ഇതിന് ശേഷമാണ്ന ടയടക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത്.  സാറ് (ശ്രീധരൻ പിള്ള) ഉറപ്പ് നൽകിയാൽ പിന്നെ തനിക്ക് വിശ്വാസമാണെന്ന് തന്ത്രി പറഞ്ഞു. ആ തീരുമാനം പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കി.  ഇന്ന് അദ്ദേഹം വീണ്ടും അതേ പോലെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതെ പറഞ്ഞതാണെങ്കിലും കോടതിയലക്ഷ്യക്കേസിൽ ഞാനും പ്രതിയായതോടെ തന്ത്രിയുടെ ആത്മവിശ്വാസം വർദ്ധിച്ചു.

വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍.  ബിജെപി ആസൂത്രണം ചെയ്ത സമരമാണ് തുലാം മാസ പൂജകള്‍ക്കായി ശബരിമല തുറന്നപ്പോള്‍ നിലയ്ക്കലും പമ്പയിലുമായി അരങ്ങേറിയത്. നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും പൊലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ ഈ നിലപാടായിരുന്നെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു.

ഒരിടത്ത് ‘യഥാര്‍ത്ഥ ഭക്തരെ വഞ്ചിച്ച് ‘സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കുന്നു മറ്റൊരിടത്ത് കാവി മാറ്റി കറുപ്പുടുത്ത് ഭക്തരോടൊപ്പം എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. ഒരു നാടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന! ഇതാണോ ബിജെപി നേതൃത്വം ഉദ്ദേശിക്കുന്ന ‘വഴികാട്ടല്‍’!! ഭരണഘടന ബെഞ്ചിന്‍റെ വിധി വരുന്നത് വരെ കോടതിക്കകത്തും പുറത്തും യുവതി പ്രവേശത്തിന് വേണ്ടി വാദിക്കുകയും, വിധി വന്നതിന് ശേഷം സ്ത്രീകളടക്കമുള്ള ഭക്ത ജനങ്ങളെ ഇളക്കി വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുകയെന്നത് സംഘ്പരിവാറിന്‍റെ ദീർഘകാല രാഷ്ട്രീയ പദ്ധതിയായിരുന്നുവെന്ന ആരോപണത്തിന്‍റെ നിഷേധിക്കാനാകാത്ത തെളിവായി മാറുകയാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top