Advertisement

രോഹിത് ശര്‍മ ദീപാവലി ആഘോഷിച്ചു; വിന്‍ഡീസ് ‘ട്ടോ’

November 6, 2018
Google News 1 minute Read

ലക്‌നൗ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദീപാവലി ആഘോഷിച്ചു. നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ടിന് ചുക്കാന്‍ പിടിച്ചു. രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസ് താരങ്ങള്‍ ഇന്ത്യയുടെ കൂട്ടപ്പൊരിച്ചിലില്‍ ഛിന്നഭിന്നമായി. മൂന്ന് മത്സരങ്ങളുള്ള ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 71 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി.

196 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടിയത്. 23 റണ്‍സ് നേടിയ ഡാരന്‍ ബ്രാവോയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അതേസമയം, ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളായ വിന്‍ഡീസ് ബാറ്റിംഗ് നിരയെ ഇന്ത്യയുടെ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആരാധകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ദീപാവലി വെടിക്കെട്ട് സമ്മാനിക്കുകയായിരുന്നു. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നിശ്ചിത 20 ഓവറില്‍ ഇന്ത്യ നേടിയത് 195 റണ്‍സ്. അതില്‍ 111 റണ്‍സും പിറന്നത് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന്. ട്വന്റി 20 യിലെ നാലാം സെഞ്ച്വറിയാണ് രോഹിത്ത് ലക്‌നൗവില്‍ നേടിയത്. വെറും 61 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഏഴ് സിക്‌സറും അടങ്ങിയ വെടിക്കെട്ട് ഇന്നിംഗ്‌സായിരുന്നു ഹിറ്റ്മാന്റേത്. 43 റണ്‍സ് എടുത്ത ശിഖര്‍ ധവാന്റെയും അഞ്ച് റണ്‍സെടുത്ത ഋഷബ് പന്തിന്റെയും വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 14 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ഏകദിന പരമ്പര നേടിയ ഇന്ത്യ ഇപ്പോള്‍ ട്വന്റി 20 പരമ്പരയും നേടിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here