കര്‍ണാടകത്തില്‍ കാലിടറി ബിജെപി; നിലയുറപ്പിച്ച് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം

കര്‍ണാടകത്തില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. സിറ്റിംഗ് സീറ്റായ ബെല്ലാരിയടക്കം നാലിടത്ത് ബിജെപി തോറ്റു. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് അഞ്ചില്‍ നാലിടത്തും മികച്ച വിജയം നേടാന്‍ സാധിച്ചു. സിറ്റിംഗ് സീറ്റായ ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. ശിവമോഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിലവില്‍ ബിജെപിയുടെ മണ്ഡലമായ ബെല്ലാരിയില്‍ രണ്ട് ലക്ഷത്തോളം വോട്ടിനാണ് ബിജെപി തോറ്റത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയാണ് ബെല്ലാരിയില്‍ ബിജെപിയെ തകര്‍ത്തത്. 1999 ന് ശേഷം ഇത് ആദ്യമായാണ് കോണ്‍ഗ്രസ് ബെല്ലാരിയില്‍ വിജയിക്കുന്നത്. 1999ല്‍ വിജയിച്ച സോണിയാ ഗാന്ധിയായിരുന്നു ബെല്ലാരിയില്‍ അവസാനമായി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2004ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കരുണാകര റെഡ്ഡിയാണ് ബെല്ലാരിയില്‍ ബി.ജെ.പി യുഗത്തിന് തുടക്കം കുറിച്ചത്. പിന്നീട് 2009ലും 2014 ലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു.

മറ്റൊരു സിറ്റിംഗ് സീറ്റായ ശിവമോഗയില്‍ ബിജെപി വിജയം ആവര്‍ത്തിച്ചു. 52148 വോട്ടിനാണ് ശിവമോഗ ലോക്‌സഭാ സീറ്റ് ബിജെപി നിലനിര്‍ത്തിയത്. ഇവിടെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് വിജയി. ജെഡിഎസ് സിറ്റിംഗ് സീറ്റായ മാണ്ഡ്യയില്‍ അവരുടെ സ്ഥാനാര്‍ത്ഥി ശിവരാമ ഗൗഡ ഒന്നര ലക്ഷത്തോളം വോട്ടിന് വിജയമുറപ്പിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.

നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. രാമനഗര മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യയുമായി അനിത കുമാരസ്വാമി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അനിതയുടെ വിജയം. ജാംഖണ്ഡി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 39480 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഈ രണ്ട് നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റായിരുന്നു.

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top