Advertisement

പോളിയോയെയും കാൻസറിനെയും അതിജീവിച്ചു; അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയത് നിരവധി പേരെ; വിട റാബിയ

3 days ago
Google News 2 minutes Read

പരിമിതികളെ അതിജീവിച്ച് സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെവി റാബിയ വിടപറഞ്ഞിരിക്കുന്നു. 1990 ൽ കേരളത്തിൽ നടന്ന സാക്ഷരതാ പ്രസ്ഥാനത്തിന് ശക്തിപകർന്ന സ്ത്രീരത്‌നമായിരുന്നു റാബിയ. അക്ഷരലോകത്തേക്ക് നിരവധി പേരെ കൈപിടിച്ചുയർത്തിയ റാബിയയ്ക്ക് പക്ഷേ, നടക്കാൻ കാലുകൾക്ക് ചലനമുണ്ടായിരുന്നില്ല. പതിനേഴാം വയസിൽ പോളിയോ ബാധിച്ച് വീൽചെയറുകളിൽ അഭയംതേടിയ റാബിയ പക്ഷേ, മനസുകൊണ്ട് ഒരിക്കലും തളർന്നില്ല. കേരളത്തിൽ നടന്ന സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ടാണ് സാമൂഹ്യരംഗത്ത് തന്റെ വ്യക്തിമുദ്രപതിപ്പിച്ചത്. മലപ്പുറംകാരിയായ റാബിയ തിരൂരങ്ങാടിയിൽ മുതിർന്നവർക്ക് അക്ഷരം പകർന്നു നൽകുന്നതിനായുള്ള കേന്ദ്രം ആരംഭിച്ചു. ആറുമാസത്തിനകം റാബിയ സംസ്ഥാനത്തെ സാക്ഷരതാ പ്രവർത്തകർക്ക് ഊർജമായി മാറുകയായിരുന്നു. റാബിയയുടെ പഠനകേന്ദ്രത്തിന് വൻ സ്വീകാര്യത ലഭിച്ചു. 1994 ൽ ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കിയാണ് സംഘടനയ്ക്ക് രൂപം നൽകിയത്.

അംഗവൈകല്യത്തിന്റെ പരിമിതികളെ സധൈര്യം ആയിരക്കണക്കിന് സ്ത്രീകൾക്ക് ആശ്രയമായി റാബിയ മാറുകയായിരുന്നു. വീൽ ചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത്‌കൊണ്ട് തോൽപ്പിച്ച റാബിയ എക്കലവും മാതൃകയായിരുന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നീമേഖലകളിൽ റാബിയ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.

ജൻ ശിക്ഷൺ സൻസ്ഥാന്റെ ഭാഗമായി ട്യൂഷൻ സെന്റർ, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴിൽ സംരഭങ്ങൾ, ബോധവൽക്കരണ ശാക്തീകരണ പരിപാടികൾ എന്നിവ നടത്തിയതിലൂടെ റാബിയ ദേശീയതലത്തിൽ ശ്രദ്ധേയയായി. രാജ്യം പിന്നീട് റാബിയയെ പത്മഅവാർഡ് നൽകി ആദരിച്ചിരുന്നു. നൂറുക്കണക്കിനാളുകൾക്ക് അക്ഷരം പകർന്നു നൽകിയ റാബിയയെ യു എൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു.

വൈകല്യത്തിന്റെ വിഷമതകൾക്കിടയിലും പുസ്തകങ്ങളായിരുന്നു റാബിയയുടെ ശക്തി. റാബിയയുടെ ആത്മകഥയായ സ്വപ്‌നങ്ങൾക്ക് ചിറകുണ്ട് എന്ന പുസ്‌കത്തിൽ ”നിന്റെ കാലുകളിൽ ഒന്ന് നഷ്ടമാവുമ്പോൾ നീ ഒരു കാലിൽ നിൽക്കണം, കാലുകൾ രണ്ടും നഷ്ടമാവുമ്പോൾ കൈകളാവണം കരുത്ത് …എന്നാണ്. കെ വി റബായയുടെ ഈ വാക്കുകൾ അംഗവൈകല്യം ബാധിച്ച നിരവധി പേർക്ക് എന്നും കരുത്തായി.

മലപ്പുറത്തെ തിരൂരങ്ങാടി വെള്ളിലക്കാട് എന്ന ഗ്രാമത്തിൽ 1996ലായിരുന്നു റാബിയ ജനിച്ചത്. പതിനേഴാം വയസിലാണ് പോളിയോ റാബിയയെ തളർത്തുന്നത്. ഇതോടെ പഠനം അവസാനിപ്പിക്കേണ്ടിവന്നു. അപ്പോഴും റാബിയ മനസുകൊണ്ട് തളർന്നില്ല. സാക്ഷരതാ പ്രവർത്തനങ്ങൾ റാബിയ സ്വയം ഏറ്റെടുത്ത സാമൂഹ്യ പ്രവർത്തനമായിരുന്നു. ഇതോടൊപ്പം നാടിന്റെ വികസനത്തിനായും റാബിയ പോരാടി. പുതിയ റോഡും, വൈദ്യുതിയും, ടെലഫോൺകണക്ഷനും കുടിവെള്ള പദ്ധതിയും എല്ലാം വെള്ളിലക്കാട്ടേക്ക് എത്തിയ റാബിയുടെ ശ്രമഫലമായി.

ചനലം എന്ന പേരിൽ റാബിയ ആരംഭിച്ച അംഗപരിമിതരുടെ സ്‌കൂൾ ആറായി. ചലന ശേഷി നഷ്ടപ്പെട്ടവർക്കായി ചെറുകിട നിർമാണ ശാലകൾ, വനിതാ ലൈബ്രറി എന്നിവ ആരംഭിച്ചു. മലപ്പുറത്ത് കംപ്യൂട്ടർ സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചത് റാബിയുടെ നേതൃത്വത്തിലായിരുന്നു. അക്ഷയ പദ്ധതിക്കൊപ്പവും റാബിയ ഉണ്ടായിരുന്നു. റാബിയ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനത്താകമാനം വ്യാപിപ്പിച്ചുവെന്നത് മറ്റൊരു ചരിത്രം. കാൻസർ രോഗം പിടികൂടിയതോടെ കഠിനമായ ചികില്‌സയിലേക്ക് വഴിമാറേണ്ടിവന്നു. അപകടത്തിൽ നട്ടെല്ലിനേറ്റ പരിക്കും റാബിയയെ തളർത്തി. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായി.

റാബിയ അപ്പോഴും എഴുതുകയായിരുന്നു. മൂന്നു പുസ്തകങ്ങൾ രചിച്ചു. റാബിയയുടെ ജീവിതം ഒരു പാഠപുസ്തകമായി മാറുകയായിരുന്നു. പത്മപുരസ്‌കാരത്തിന് പുറമെ, ദേശീയ പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം, സംസ്ഥാന സാക്ഷരതാ പുരസ്‌കാരം എന്നിവയും കണ്ണകി പുരസ്‌കാരവും റാബിയയെ തേടിയെത്തി.

Story Highlights : K V Rabiya, who fought the odds to become an icon of Kerala’s literacy mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here