50 വയസ്സ് തികയാത്ത സ്ത്രീകള്‍ ശബരിമലയിലെത്തിയെന്ന് സംശയം; പ്രതിഷേധം ശക്തം

sabarimala nada to open soon for chithira attavishesham

50 വയസ്സ് തികയാത്ത സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതായി സംശയം പരന്നതോടെ വലിയ നടപ്പന്തലില്‍ സംഘര്‍ഷം. എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്നു. ഈ സ്ത്രീയ്ക്ക് 50 ല്‍ താഴെയാണ് പ്രായമെന്ന് ആരോപിച്ച് ഒരു കൂട്ടം ഭക്തര്‍ സ്ത്രീയെ തടഞ്ഞുവെച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൃശൂരില്‍ നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം ഒരു സ്ത്രീയും എത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്.

പൊലീസെത്തി ഇവരുടെ രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് 50 വയസിന് മുകളിലുണ്ടെന്ന് അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് ഇടപെട്ട് സത്രീയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സ്ത്രീയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ്  ഇവര്‍ക്ക് 52 വയസുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സ്ത്രീകള്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തിയതോടെ അക്രമാസക്തരായിരുന്ന ഭക്തര്‍ പ്രതിഷേധം അവസാനിപ്പിച്ചു. പിന്നീട് ഈ സ്ത്രീകള്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ വടക്കേ നടയില്‍ നിന്നാണ് സ്ത്രീകള്‍ ദര്‍ശനം നടത്തിയത്.

അതേസമയം, കുഞ്ഞിന്റെ ചോറൂണിനായാണ് ശബരിമലയിലെത്തിയതെന്ന് പ്രതിഷേധം നേരിട്ട സ്ത്രീയുടെ ഭര്‍ത്താവ് രവി പറഞ്ഞു. തങ്ങള്‍ക്ക് നേരെ കയ്യേറ്റമുണ്ടായെന്ന് രവി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം സമാധാനപരമാകുമെന്നും അക്രമാസക്തമാകില്ലെന്നുമായിരുന്നു നട തുറക്കും മുന്‍പ് പോലും വിശ്വാസികള്‍ പ്രതികരിച്ചത്. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിഷേധക്കാര്‍ കയ്യേറ്റം നടത്താനും മുതിരുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top