ഈ യാത്ര മുന്നോട്ടോ അതോ പിറകോട്ടോ?

കെ.ശ്രീജിത്ത്

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തർ പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കുന്നു. അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയെന്ന് പ്രഖ്യാപിച്ചിട്ട് ചുരുങ്ങിയ ദിവസങ്ങളായിട്ടേയുള്ളൂ. അതിന് പിറകെയാണ് ഫൈസാബാദിന്റെ പേരുമാറ്റം. അയോധ്യയിൽ പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജും നിർമിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. വിചിത്രമാണ് അവയുടെ പേരുകളും. വിമാനത്താവളത്തിന്റെ പേര് ‘മര്യാദ പുരോഷത്തം രാം’ എന്നായിരിക്കുമെങ്കിൽ ദശരഥ രാജാവിന്റെ പേരിലായിരിക്കുമത്രെ മെഡിക്കൽ കോളേജ്.

എന്താണ് സംഘപരിവാർ വരുംകാലത്തേയ്ക്ക് കാത്തുവെച്ചിരിക്കുന്നതെന്ന ചോദ്യം നമ്മുടെയൊക്കെ ഉള്ളിൽ തികട്ടി വരുന്നുണ്ട്. എല്ലാ ദിവസവും രാവിലെ നാം ഉറക്കമുണരുന്നത് സ്വയം ആ ചോദ്യം ചോദിച്ചുകൊണ്ടാണ്. സംഘപരിവാർ അജണ്ട ദീർഘകാലത്തേയ്ക്കുള്ളതാണെന്നതാണ് വാസ്തവം. ഇനി വരാൻ പോകുന്ന തലമുറകളെ എങ്ങോട്ടാണ് ഇവരൊക്കെ കൂടി നയിക്കാൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിലെ നഗരങ്ങളുടെയെല്ലാം പേരുകൾ ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങളുടെയായിരുന്നെന്നുമാണോ ഇനി വരുന്ന തലമുറ ചരിത്രമായി പഠിക്കേണ്ടത്? ഹിന്ദു പുരാണങ്ങളും ഹൈന്ദവ വിശ്വാസങ്ങളും മാത്രമായിരുന്നു പുരാതന കാലം മുതൽ ഇന്ത്യയിൽ നിലവിലിരുന്നതെന്നും അക്ബറും ഔറംഗസേബും ഷാജഹാനുമൊന്നും ആ ചരിത്രത്തിൽ ഇടമില്ലെന്നും അവിടെ രാമനും ലക്ഷ്മണനും സീതയും ദശരഥനും മാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നുമാണോ തലമുറകൾ പഠിക്കാൻ പോകുന്നത്? എങ്കിൽ ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഗതിയെന്താണ്? അല്ലെങ്കിൽ ഗതിയെന്തായിരിക്കും?

ഈ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടന തന്നെ കടലിലെറിയണമെന്ന് വാദിക്കുന്ന സംഘപരിവാർ അതുവഴി മതനിരപേക്ഷതയെയും ജനാധിപത്യത്തെയും വലിച്ചെറിയണമെന്നുതന്നെയാണ് ആവശ്യപ്പെടുന്നത്.

ഇനി മുതൽ നമ്മുടെ കുട്ടികൾ എന്താണ് ചെയ്യേണ്ടത്? ശാസ്ത്രം പഠിക്കേണ്ടേ? പകരം ഹിന്ദു പുരാണ കഥകളും ഇതിഹാസങ്ങളും മാത്രം പഠിച്ചാൽ മതിയോ? ഇന്നലെ വരെ ശാസ്ത്രത്തിന്റെ പിന്തുണയിൽ നാം വിശ്വസിച്ചുപോന്ന സകലതും കേവല ‘വിശ്വാസങ്ങൾ’ക്ക് വഴി മാറുകയാണോ വേണ്ടത്? യഥാർത്ഥ ചരിത്രത്തിന് പകരം ഒരു കപട ചരിത്രം തത്സ്ഥാനത്ത് പ്രതിഷ്ഠിക്കുകയെന്നത് ഫാസിസത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്നാണ്. അതുവഴി ഒരു കപട ദേശീയത സൃഷ്ടിക്കപ്പെടുന്നു.

അതുകൊണ്ടാണ് ഭഗത് സിങ് തൂക്കുമരത്തിലേയ്ക്ക് നടന്നുനീങ്ങിയപ്പോൾ അദ്ദേഹം അവസാനമായി ഉച്ചരിച്ചത് ‘വന്ദേമാതര’മായിരുന്നുവെന്ന് നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുംവിധം നരേന്ദ്ര മോദി ഒരു പ്രസംഗത്തിനിടയിൽ തിരുകിക്കയറ്റുന്നത്. അത് പല തവണ ആവർത്തിപ്പിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികളുടെ ഉപബോധ മനസ്സുകളിൽ ‘ഇങ്കിലാബ് സിന്ദാബാദി’ന്റെ സ്ഥാനത്ത് ‘വന്ദേമാതരം’ പ്രതിഷ്ഠിപ്പിക്കപ്പെടുമെന്ന് അവർ കണക്കുകൂട്ടുന്നു.

കപട ചരിത്രങ്ങളിലൂടെ കപട വ്യക്തിത്വങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സംഘപരിവാർ ചമയ്ക്കുന്ന ചരിത്രം പഠിക്കലായിരിക്കുമോ ഇനി വരുന്ന തലമുറകളുടെ നിയോഗം? അപ്പോൾ പിന്നെ ഇവിടെ ശാസത്രപഠനവും ശാസ്ത്രജ്ഞൻമാരും പരീക്ഷണങ്ങളും ലാബുകളും റോക്കറ്റുകളും ഒന്നും വേണ്ടല്ലോ? മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള ഒരു ശാസ്ത്രയുക്തിയും നാം ഇനി മുതൽ പഠിക്കേണ്ടിവരില്ല എന്നർത്ഥം. ചിന്തകൾക്കും ബുദ്ധിശക്തിക്കും ധിഷണാശക്തിക്കും ബൗദ്ധിക ജീവിതത്തിനുമൊന്നും അങ്ങിനെയൊരു രാജ്യത്ത് സ്ഥാനമുണ്ടാകില്ലല്ലോ. ആ സ്ഥാനത്ത് രാമനും ലക്ഷ്മണനും സീതയും ദശരഥനുമൊക്കെ ഉണ്ടല്ലോ. വിപ്ലബ്കുമാർ ദേബ് എന്ന ത്രിപുര മുഖ്യമന്ത്രിയുടെ വിടുവായത്തങ്ങളും വിഡ്ഢിത്തങ്ങളും ഒരു സിലബസ് ആയി പഠിപ്പിക്കുമായിരിക്കും. അങ്ങിനെയാകുമ്പോൾ സിലബസുകൾ സൃഷ്ടിക്കാൻ സംഘപരിവാർക്ക് യഥേഷ്ടം അവസരം ലഭിക്കും.

biplab kumar deb

ഇന്ത്യയിലെ ബിജെപി സർക്കാരുകൾ സമീപകാലത്ത് സ്വീകരിച്ച മിക്ക നടപടികളും നമ്മെ പിറകോട്ട് നയിക്കുന്നവയാണ്. മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കലാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ടാണ് ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യർക്ക് കടുത്ത പോരാട്ടം നടത്തേണ്ടിവരുന്നത്, ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടിവരുന്നത്. പിറകോട്ട് നടക്കാനായിരുന്നുവെങ്കിൽ അത് കൂടുതൽ എളുപ്പമാണ്. അങ്ങിനെയായിരുന്നെങ്കിൽ ഈ പോരാട്ടങ്ങളുടെയും അതുവഴിയുണ്ടാകുന്ന പ്രതിസന്ധികളുടെയും ആവശ്യമില്ല. മഹാത്മാഗാന്ധിയെപ്പോലുള്ളവരുടെയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെയും ത്യാഗങ്ങൾ പാഴായിരുന്നുവെന്ന് വരുംതലമുറ ചിന്തിക്കേണ്ടിവരുന്ന ഒരു സാഹചര്യം അത്യന്തം അപകടകരമാണ്. രാമനെയും ലക്ഷ്മണനെയും സീതയേയും ദശരഥനെയുമൊക്കെ കുറിച്ച് മാത്രം നമ്മുടെ കുട്ടികൾ പഠിക്കുന്നത് അവരുടെ സംസ്‌കാരത്തെയും സഹിഷ്ണുതയേയും ജീവിതരീതികളെയും ബാധിക്കും. ആയിരക്കണക്കിന് ശാസ്ത്രജ്ഞൻമാർ കഷ്ടപ്പെട്ട് കുറേയധികം കണ്ടുപിടിത്തങ്ങൾ നടത്തിയത് പാഴായിരുന്നുവോ എന്ന ചിന്തിക്കേണ്ടിവരുന്നത് തന്നെ നിർഭാഗ്യകരമാണ്.

ആചാരത്തിന്റെ പേരിൽ അയിത്തവും സതിയും ഒന്നും നിർത്തലാക്കേണ്ടിയിരുന്നില്ല എന്ന് വാദിക്കുന്നവരുടെ തലമുറകളുണ്ടാകുന്നത് ശുഭകരമല്ല.

എല്ലാ തിരഞ്ഞെടുപ്പുകളും കഴിഞ്ഞ് സംഘപരിവാർ അധികാരത്തിന്റെ അവസാനത്തെ കഷ്ണം വരെ രുചിച്ച് തീരുമ്പോഴേയ്ക്കും ഈ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിട്ടുണ്ടാകും.  ജനാധിപത്യവും മതനിരപേക്ഷതയും തുല്യതയും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് ഇതുവരെയുള്ള നമ്മുടെ അഭിമാനകരമായ നേട്ടങ്ങളിലൊന്ന്. അത് ഇല്ലാതാകുന്നത് ഇന്ത്യ എന്ന രാജ്യത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സകല ചരിത്രങ്ങളും മാറ്റിയെഴുതുന്നത് വഴി ഈ രാജ്യത്തിന്റെ ഏറ്റവും അഭിമാനകരമായ ചില ഏടുകൾ തന്നെ അപ്രത്യക്ഷമാകും. അഭിമാനകരമായ ആ ചരിത്രത്തിന്റെ തിളക്കമേറിയ അധ്യായങ്ങളാണ് തിരൂരിലെ റെയിൽവേസ്റ്റേഷനിലടക്കം ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. അത് മായ്ച്ചുകളയുന്നത് വഴി പിന്നീടൊരിക്കലും മായ്ച്ചുകളയാൻ കഴിയാത്ത വിധമുള്ള ഒരു കറയാണ് ഈ മഹത്തായ രാജ്യത്തിലേൽപ്പിക്കുന്നതെന്ന് നാം മറന്നുകൂടാ.

Statue of Unity

വല്ലഭായ് പട്ടേലുമാരുടെ പ്രതിമകൾ ആയിരക്കണക്കിന് കോടി രൂപ ചിലവാക്കി കെട്ടിപ്പൊക്കുമ്പോൾ നിസാർ അഹമ്മദുമാരുടെ നിസ്സാരമായ സ്മാരകങ്ങളെ വെറുതെവിട്ടുകൂടെ? ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ പ്രതിഷ്ഠിക്കുമ്പോൾ അത് ഈ രാജ്യത്തിന്റെ ആത്മാവിലേൽപ്പിക്കുന്ന പോറൽ എത്ര വലുതാണെന്ന് ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ? ഇൻക്വിലാബ് സിന്ദാബാദിന് പകരം വന്ദേമാതരവും അലഹാബാദിന് പകരം പ്രയാഗ് രാജും വരുമ്പോൾ മഹത്തായ ഒരു ഭൂതകാലത്തെയാണ് മറവിയിലേയ്ക്ക് തള്ളിയിടാൻ ശ്രമിക്കുന്നത്. താജ്മഹലും കുത്തബ് മിനാറും തകർക്കാൻ ശ്രമിക്കുമ്പോൾ ഈ രാജ്യത്തിന്റെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള സംസ്‌കാരത്തെയാണ് തകർക്കുന്നതെന്ന് മറക്കരുത്. അതുവഴി ‘നാനാത്വത്തിൽ ഏകത്വം’ എന്ന സങ്കല്പത്തെയും ബഹുസ്വരതയെയുമാണ് ഇല്ലാതാക്കുന്നത്. അതിന് പകരം വിഭാവനം ചെയ്യപ്പെടുന്ന ഏകശിലാരൂപത്തിലുള്ള ഭാരതം ഒരു ദു:സ്വപ്‌നമല്ലെ?

ഇനി മുതൽ സിലബസുകൾ രാമനും ലക്ഷ്മണനും ദശരഥനും സീതയും മാത്രമായി നിറയുന്നത് വഴി നമ്മുടെ കുട്ടികളോട് ചെയ്യുന്നത് നീതിയാണോ? മഹത്തായ വിപ്ലവവും ശിപായി ലഹളയും ജാലിയൻവാലാബാഗ് കൂട്ടക്കൊലയും പുന്നപ്ര വയലാർ സമരവുമൊക്കെ അപ്രസക്തമാകുന്ന ഭാരതം ഭാരതമായി നിലനിൽക്കുമോ? വിശ്വാസത്തിന്റെയും ഹിന്ദു പുരാണങ്ങളുടെയും പഠനം മാത്രമായി നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുന്നത് എത്രത്തോളം നിർഭാഗ്യകരമാണ്. ശാസ്ത്രവും കണക്കും ഭാഷകളുമൊന്നും ഇനിയങ്ങോട്ട് പഠിക്കേണ്ടതില്ലെന്ന് തീർപ്പുകൽപ്പിക്കുന്നത്, എല്ലാത്തിന്റെയും ആധാരമായി മനുസ്മൃതി നിലകൊള്ളുന്നത് ഒരുതരത്തിലും ആശാവഹമല്ല. അങ്ങിനെ തങ്ങളുടെ അജണ്ടയിലുള്ള ഒരു ‘ഭാരതം’ സൃഷ്ടിക്കുന്നതിലൂടെ ഈ രാജ്യത്തിനേൽപ്പിക്കുന്ന മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് സംഘപരിവാർ തിരിച്ചറിയുന്നുണ്ടോ? പിന്നീടൊരിക്കലും ആ മുറിവുണക്കാൻ നമ്മുക്ക് കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് പിറകോട്ടല്ല മുന്നോട്ടുതന്നെയാണ് സഞ്ചരിക്കേണ്ടതെന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തുകതന്നെ വേണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top